തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയെ പ്രതിയാക്കാനും പ്രതിച്ഛായ തകര്‍ക്കാനും ആസൂത്രിതമായ നീക്കം നടന്നുവെന്ന് ആക്ഷേപം ശക്തമാകുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും ആക്രമണം ആസൂത്രണം ചെയ്യുകയും ചെയ്തവര്‍ക്കെതിരായ അന്വേഷണം അട്ടിമറിച്ച പോലീസിലെ ഉന്നതര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ആക്രമണം മുതല്‍ അറസ്റ്റും കേസന്വേഷണവും വരെ ആസൂത്രണം ചെയ്ത വിധമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കേസ് വഴിതിരിച്ചുവിടുന്നതില്‍ കൃത്യമായി ഇടപെട്ടിരുന്നെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിയെന്ന് തെളിഞ്ഞ പെണ്‍കുട്ടിക്ക് പേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായും വിവാദ ഉദ്യോഗസ്ഥയുമായും അടുപ്പമുണ്ടായിരുന്നതായി കൃത്യം നടന്ന അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സ്വാമിയെ പ്രതിയാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ച രീതിയിലായിരുന്നു അന്വേഷണം.
”നല്ല ധീരമായ നടപടിയാണ്, അതിലൊരുസംശയവുമില്ല. ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണ കൊടുക്കുകയെന്നല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ” എന്നാണ് ആക്രമണത്തിന്റെ തൊട്ടടുത്തദിവസം മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി പ്രഖ്യാപിച്ചത്. അന്വേഷണം നടക്കുന്നതിനുമുമ്പ് പ്രതിയെ തീരുമാനിച്ചുവെന്നതിന്റെ തെളിവാണിത്.
2017 മെയ് 19ന് തിരുവനന്തപുരം പേട്ടയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് രാത്രിയായിരുന്നു സംഭവം. പതിനാല് പ്രാവശ്യം വെട്ടിത്തിരുത്തിയ മൊഴിപ്പകര്‍പ്പാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. മൊഴിപ്പകര്‍പ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പലതവണ പരിശോധിച്ച് തിരുത്തിയതാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി മൊഴിമാറ്റി. ഉന്നത പോലീസ് ഉദ്യോഗസ്ഥയുള്‍പ്പെട്ട ഗൂഢാലോചനയുണ്ടെന്ന് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നല്‍കിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സ്വാമിയെ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് വെളിപ്പെടുട്ടെങ്കിലും ലോക്കല്പോലീസിന്റെ അന്വേഷണം അട്ടിമറിച്ച ഉന്നതരുടെ പങ്കിനെക്കുറിച്ച് സൂചനകളില്ല. ഇത് ആരെയൊക്കെയോ രക്ഷിക്കാനാണെന്ന സംശയം വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: