തിരുവനന്തപുരം: കര്‍ണ്ണാടകത്തില്‍ ഹിജാബ് നിരോധനത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ സംഘര്‍ഷങ്ങള്‍ അരങ്ങ്തകര്‍ക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനം അവരുടെ 150 കോളെജുകളില്‍ ഹിജാബ് നിരോധിച്ചത് നിഷേധിക്കാനാവാത്ത ചരിത്രം.
2019ലാണ് മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എംഇഎസ്) എന്ന സ്ഥാപനം അവരുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്. സ്ത്രീയുടെ മുഖം മറയ്ക്കുന്ന ഹിജാബ് തങ്ങളുടെ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും നിരോധിച്ചതായി എംഇഎസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മുസ്ലിങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി 1964ല്‍ കോഴിക്കോട് കേന്ദ്രമായി ഡോ.പി.കെ. അബ്ദുള്‍ ഗഫൂര്‍ സ്ഥാപിച്ചതാണ് എംഇഎസ്. എംഇഎസിന് കീഴില്‍ 10 പ്രൊഫഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും 18 ആര്‍ട്സ് ആന്റ് സയന്‍സ് കോളെജുകളും 36 സിബിഎസ്ഇ സ്കൂളുകളും അടക്കം 150 വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട്. ഇവിടെ 85,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു, 15000 പേര് ജോലി ചെയ്യുന്നു.
2019ല്‍ ശ്രീലങ്കയിലും ഹിജാബ് നിരോധിച്ചിരുന്നു. ഒപ്പം ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് തങ്ങളുടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും എംഇഎസ് ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. 2019ല്‍ ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ ബോംബിങ്ങില്‍ 250 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചത്. ഇതിനെ അന്ന് ശിവസേന പിന്താങ്ങുകയും ഇതേ രീതി ഇന്ത്യയും പിന്തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2019ല്‍ എംഇഎസ് പ്രസിഡന്റായിരുന്ന സിപിഎം പ്രവര്ത്തകന് കൂടിയായ പി.എ. ഫസല്‍ ഗഫൂറാണ് ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയത്. ‘ഒരാളുടെ മുഖം മറയ്ക്കുന്നത് ആ വ്യക്തിയുടെ വ്യക്തിസവിശേഷതകള്ക്കെതിരായ നടപടിയാണ്. സമൂഹത്തിന് പൊതുവേ സ്വീകാര്യമല്ലാത്ത വസ്ത്രം ധരിക്കാന്‍ പാടില്ല. അടുത്തിടെ സ്ത്രീയുടെ മുഖം മറയ്ക്കുന്നതിനെതിരായ കോടതി വിധികളും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കാന്‍ നിര്‍ബന്ധിതമാക്കി,’- എംഇഎസ് സര്‍ക്കുലര്‍ പറയുന്നു.
‘ഇതില്‍ പുതുതായി യാതൊന്നുമില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒരു സുസ്ഥിര നിലപാടാണ് എടുത്തുകൊണ്ടിരിക്കുന്നത്. ചില യാഥാസ്ഥിക ശക്തികള്‍ സ്ത്രീകള്‍ക്കെതിരെ ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കുകയാണ്. ഇതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ ഞങ്ങളുടെ തീരുമാനവുമായി മുന്നോട്ട്പോകും’- അന്ന് സര്‍ക്കുലര്‍ ഇറക്കിയതിനെ ന്യായീകരിച്ച് ഗഫൂര്‍ പറയുന്നു. ‘ശ്രീലങ്കയിലെ സംഭവുമായി ബന്ധപ്പെട്ടല്ല ഹിജാബ് നിരോധിക്കാന്‍ തീരുമാനിച്ചത്. എന്തായാലും നിരവധി പണ്ഡിതരും മുസ്ലിം പ്രവര്‍ത്തകരും ഹിജാബ് നിരോധിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. അതേ സമയം പരമ്പരാഗത മുസ്ലിം വാദികള്‍ ഇതിനെ എതിര്‍ക്കുന്നു’- ഗഫൂര്‍ പറഞ്ഞു.
അന്ന് ഈ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍ എന്ന ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനും പ്രതികരിച്ചതിങ്ങിനെ: ‘അറബ് സംസ്കാരത്തിന്റെ ഭാഗമാണ് ഈ മുഖംമൂടി. ചില യാഥാസ്ഥിതിക വാദികള്‍ ഹിജാബ് കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹിജാബിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. സ്ത്രീകളെ മറയ്ക്ക് കീഴില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഇത്തരം ശക്തികളെ വിവേകികളായ മുസ്ലിങ്ങള്‍ എതിര്്ക്കണം. ചില തീവ്രവാദ ശക്തികള്‍ ഇസ്ലാമില്‍ നുഴഞ്ഞു കയറിയതിനെ തുടര്‍ന്ന് 25 വര്‍ഷം മുന്‍പാണ് ബുര്‍ഖ ആക്രമണം തുടങ്ങിയത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ലഭിച്ച അനുഭവമാണ് കേരളത്തിലും ഹിജാബ് കൊണ്ടുവരാന്‍ പ്രേരണയായത്’.
‘ഞാന്‍ ഒരു മുസ്ലിം മാനേജ്മെന്റ് കോളെജില്‍ 40 വര്‍ഷം മുന്‍പ് പഠിച്ചിരുന്നു. അക്കാലത്ത് മുസ്ലിം പെണ്‍കുട്ടികള്‍ സാധാരണ വേഷമാണ് ധരിച്ചിരുന്നത്. ഇപ്പോള്‍ ഹിജാബ് എവിടെയും വ്യക്തമായി കാണുന്നത് ദുഖകരമാണ്. ചില പുരോഹിതരും തീവ്രവാദികളുമാണ് ഇതിന് പിന്നില്‍. ‘- ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: