കാഞ്ഞാണി: അമൃതം കുടിവെള്ള പദ്ധതിയ്‌ക്ക് വേണ്ടി മൂന്ന് വർഷം മുമ്പ് പൈപ്പിടാൻ പൊളിച്ച ശേഷം തകർന്നു കിടക്കുന്ന പെരിങ്ങോട്ടുകര മുതൽ അന്തിക്കാട് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനരോക്ഷം ശക്തമാക്കുന്നു. പെരിങ്ങോട്ടുകര ആവണേങ്ങാട്ട് പടി മുതൽ കെ.കെ. മേനോൻ ഷെഡ് വരെയുള്ള റോഡിൽ പൈപ്പിടൽ പൂർത്തിയായെങ്കിലും ഇതുവരെയും റോഡ് ടാർ ചെയ്തിട്ടില്ല. കാലാവസ്ഥ അനുകൂലമായിട്ടും റോഡ് പൂർവ്വ സ്ഥിതിയിലാക്കാതെ പൈപ്പിട്ട സ്ഥലത്ത് പാറപ്പൊടിയിട്ട് കുഴി അടച്ചിരിക്കുകയാണ് വാട്ടർ അതോറിറ്റി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്‌മ കാരണമാണ് ഇപ്പോഴും റോഡ് തകർന്ന് കിടക്കുന്നത്. നാട്ടിക എംഎൽഎ ക്കും അധികാരികൾക്കും പരാതി നൽകിയിട്ടും മെല്ലെ പോക്ക് സമീപനമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.
ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിന്
പുത്തൻപീടികയിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധ പൊതുയോഗം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂണിറ്റ് പ്രസിഡൻ്റ് അജയൻ മേനോത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ട്രഷറർ വിജോ ജോർജ് അധ്യക്ഷത വഹിച്ചു. തകർന്ന റോഡുകൾ എത്രയും പെട്ടെന്ന് ശരിയാക്കിയില്ലെങ്കിൽ വാഹന ഗതാഗതം തടസപ്പെടുത്തുന്നതടക്കമുള്ള സമര പരിപാടികൾ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ സ്റ്റാൻലി തട്ടിൽ പറഞ്ഞു.
എംഎൽഎ ക്ക് വീഴ്‌ച്ച പറ്റി
വി.വി. സജിത്ത്, ആക്ഷൻ കൗൺസിൽ ചെയർമാൻ
റോഡിന്റെ ശോചനീയാവസ്ഥ നാട്ടിക എംഎൽഎ യും അധികാരികളെയും അറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കുന്നില്ല. വാട്ടർ അതോറിറ്റിയേയും പൊതുമരാമത്തിനെയും ഏകോപിപ്പിക്കുന്നതിൽ എംഎൽയുടെ ഭാഗത്ത് നിന്ന് വീഴ്‌ച്ച പറ്റി.
കച്ചവടക്കാരെയും ബാധിച്ചു
അജയൻ മേനോത്തുപറമ്പിൽ,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പുത്തൻപീടിക യൂണിറ്റ്
പുത്തൻപീടിക മുതൽ മുറ്റിച്ചൂർ റോഡ് ജംഗ്ഷൻ വരെയുള്ള റോഡിൽ ഇട്ടിട്ടുള്ള പാറപ്പൊടി മൂലം വാഹനങ്ങൾ പോകുമ്പോൾ വ്യാപാര സ്ഥാപനങ്ങൾക്ക് പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് കച്ചവടം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് . ഇതു മൂലം കടയിൽ ആളുകൾ കയറാത്ത അവസ്ഥയാണ്.
വാഹനങ്ങളുടെ മെയിന്റനൻസ് , ഇന്ധന ചെലവുകൾ വർദ്ധിച്ചു.
ബിജുരാജ് തൈവളപ്പിൽ,
തൃശൂർ ഓട്ടോ സേവന സമിതി (ടിഎഎസ്എസ്) പുത്തൻപീടിക യൂണിറ്റ് ഭാരവാഹി .
പെരിങ്ങോട്ടുകര – അന്തിക്കാട് റോഡിൽ കൂടി വാഹനങ്ങൾ ഓടിക്കുന്നത് ഏറെ ദുഷ്കരമാണ്. തകർന്ന റോഡിൽ കൂടി ഓടിക്കുന്ന വാഹനങ്ങൾക്ക് പെട്രോൾ ചെലവും വർക്ക് ഷോപ്പ് ചിലവും കുടുതലാണ്. അധികാരികൾ ഇത് കണ്ടിട്ടും കണ്ണടച്ച് നടക്കുകയാണ്. ഇതിന് ശാശ്വത പരിഹാരം അടിയന്തിരമായി കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: