കൊല്‍ക്കൊത്ത: മമത ബാനര്‍ജി സര്‍ക്കാരിനെതിരെ 130 ദിവസം തുടര്‍ച്ചയായി സമരം ചെയ്ത വിദ്യാര്‍ത്ഥി ഹൗറയില്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥിയായ അനീഷ്ഖാന്റെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും കൊലയാളി സംഘം വിദ്യാര്‍ത്ഥിയെ താഴേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു മരണം. അനീഷ് ഖാന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബംഗാള്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി സമരം ശക്തമാവുന്നു.
തീവ്ര ഇസ്ലാമിക സംഘടനയായ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട അനിഷ് ഖാന്. അജ്ഞാതരായ നാല് പേരാണ് ശനിയാഴ്ച അതിരാവിലെ അനീഷ് ഖാനെ വധിച്ചത്. 28കാരനായ അനിഷ് ഖാന്റെ ഘാതകരുടെ സംഘത്തില്‍ പൊലീസ് വേഷം ധരിച്ച ഒരാള്‍ ഉണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു. പൊലീസാണ് അനീഷ് ഖാനെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പറയുന്നു.
അനീഷ് ഖാന് മരിച്ചുകിടക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.
രാത്രി 12.30നാണ് കൊലയാളി സംഘം വീട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. നാലംഗ സംഘത്തില്‍ ഒരാള്‍ താഴെ നിന്നിരുന്നു. ഇയാളുടെ കയ്യില്‍ തോക്കുണ്ടായിരുന്നു. മൂന്ന് പേര് മുകളില്‍ വന്ന് അനീഷ് ഖാനെ പിടികൂടി. പിന്നീട് ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു. അടുത്ത നിമിഷം രക്തത്തില്‍ കുളിച്ചുകിടക്കുന്ന അനീഷ് ഖാനെയാണ് കണ്ടത്. – അനീഷ് ഖാന്റെ പിതാവ് സലിം ഖാന് പറയുന്നു.
ഇപ്പോള്‍ അലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രക്ഷോഭം നടത്തുകയാണ്. അവര്‍ കൊല്‍ക്കൊത്തയിലെ സെവന് പോയിന്റ് പാര്‍ക് സര്‍ക്കസ് ക്രോസിംഗ് സ്തംഭിപ്പിച്ചു. മെഴുകുതിരി വെളിച്ചത്തില്‍ രാത്രി പ്രകടനവും നടത്തി.
കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പൊലീസ് സ്ഥലത്തെത്തി ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരായി. പൊലീസ് ബാരിക്കേഡ് തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: