തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി20 ഏരിയ സെക്രട്ടറി സി.കെ. ദീപു ലിവര്‍ സിറോസിസ് കാരണമാണ് മരിച്ചതെന്ന പി.വി. ശ്രീനിജന് എംഎല്‍എയുടെ കണ്ടെത്തല്‍ തള്ളിക്കയുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദീപു തലയ്ക്ക് ക്ഷതമേറ്റ് രക്തധമിനി പൊട്ടിയാണ് മരിച്ചതെന്നും മൃതദേഹ പരിശോധനാഫലം പറയുന്നു.
രക്തധമിനി പൊട്ടി തലച്ചോറില്‍ രക്തം കട്ടിപിടിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് മൃതദേഹ പരിശോധനാഫലം പറയുന്നത്. കരള്‍രോഗം ആരോഗ്യസ്ഥിതി ഗുരുതരമാക്കിയെന്ന് മാത്രമേ പറയാനാകൂ എന്നും റിപ്പോര്‍ട്ട് പറയുന്നു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ മരണകാരണം പ്രഖ്യാപിച്ച എംഎല്‍എ ശ്രീനിജനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ദീപുവിനെ ആക്രമിച്ച പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പൊലീസിന്റെ എഫ് ഐആറില്‍ പറയുന്നു. ട്വന്റി20ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചതാണ് പ്രതികളുടെ വൈരാഗ്യത്തിന് കാരണമായതെന്നും പറയുന്നു. അറസ്റ്റിലായ പ്രതികളില്‍ സൈനുദ്ദീന്‍ എന്നയാളാണ് ദീപുവിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും വിവരം അറിഞ്ഞെത്തിയ നിഷ ആലിയാരെയും പ്രതികള്‍ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് നല്കിയ മൃതദേഹം കിഴക്കമ്പലത്ത് പൊതുദര്‍ശനത്തിന് വെച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: