കണ്ണൂർ: തോട്ടട ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് കല്ല്യാണ വീടുകളിലെ ആഭാസങ്ങള്‍ ഒഴിവാക്കുന്നതിന് ആഘോഷങ്ങളില്‍ ബോക്‌സ് വച്ചുള്ള ഗാനമേള വിലക്കിക്കൊണ്ട് തളിപ്പറമ്പ് ഡിവൈഎസ്പി ഇറക്കിയ സര്‍ക്കുലറിനെതിരെ ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കണ്ണൂര്‍ ജില്ലാ കമ്മറ്റി. മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളെ ആശങ്കയിലേക്ക് തള്ളിവിടുന്ന സര്‍ക്കുലറില്‍ കല്ല്യാണ ആഘോഷങ്ങളില്‍ സഭ്യമായരീതിയില്‍ പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കി ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് നിവേദനം നല്‍കി.
രണ്ടര വര്‍ഷത്തിലേറെയായി കൊവിഡ് കാരണം പൂര്‍ണ്ണമായി അടച്ചിട്ട ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല ഉണര്‍വിന്റെ പാതയിലേക്ക് വന്നുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടും പിന്നോട്ടടിപ്പിക്കുന്ന രീതിയില്‍ തളിപ്പറമ്പ് ഡിവൈഎസ്പി സര്‍ക്കുലര്‍ ഇറക്കിയത്. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഉപകരണങ്ങള്‍ മിക്കതും നശിച്ചനിലയിലാണ്. തൊഴിലാളികളും തൊഴില്‍ ഉടമകളും കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. 18 ഓളം ലൈറ്റ് ആന്‍ഡ് സൗണ്ട്, പന്തല്‍ തൊഴിലാളികളാണ് ആത്മഹത്യ ചെയ്തത്. ഈ മേഖലയ്‌ക്കു വേണ്ടി സര്‍ക്കാര്‍ വേണ്ടരീതിയില്‍ ഇടപെടല്‍ നടത്തിയിട്ടില്ല. കൊവിഡ് കാലത്ത് 100 ശതമാനവും തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായവരെ വീണ്ടും അത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് ഡിവൈഎസ്പിയുടെ സര്‍ക്കുലര്‍ എന്ന് അസോസിയേഷന്‍ ജില്ലാ നേതൃത്വം ആരോപിച്ചു.
ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഒ.ടി.കെ. രാജേഷ്, സെക്രട്ടറി പി.കെ. മുഹമ്മദ് നസീര്‍, ട്രഷറര്‍ വി.പി. ശ്രീനിഷ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ. മനോജ്, ഭാരവാഹികളായ എം.വി. അനീഷ്, കെ.ടി. വിനോദ്, അഷ്‌റഫ് കൂനം, രജീഷ് തിളപ്പറമ്പ്, ബിജു കടവത്തൂര്‍, ദിലീപ്കുമാര്‍ തളിപ്പറമ്പ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: