പത്തനംതിട്ട: പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ എല്‍ഡിഎഫ് പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനം. അടൂരിലെ കൊടുമണ്ണില്‍ തങ്ങളുടെ നേതാക്കളെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സിപിഎം സംരക്ഷിക്കുന്നുവെന്നാണ് സിപിഐയുടെ ആരോപണം. മുന്നണിയിലെ ധാരണപ്രകാരം ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സിപിഎം നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.
കൊടുമണ്ണിലെ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സിപിഎം, സിപിഐ സംഘര്‍ഷം ഉടലെടുക്കുന്നത്. തുടര്‍ന്ന് എഐവൈഎഫ് കൊടുമണ്‍ മേഖലാ സെക്രട്ടറി ജിതിന്റെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീട്ടിലുണ്ടായിരുന്ന വസ്തുക്കള്‍ അടിച്ചുതകര്‍ത്തു. സിപിഐ നേതാവ് സഹദേവന് ഉണ്ണിത്താന്റെ വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചുപൊട്ടിച്ചു. അടുത്തിടെ സിപിഎം വിട്ട് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ സിപിഐലേയ്ക്ക് ചേക്കേറിയത് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന് കാരണമായി.
പാര്‍ട്ടി പ്രവര്‍ത്തകരെ അടര്‍ത്തിയെടുത്ത വ്യക്തിയെന്ന് ആരോപിച്ചാണ് സഹദേവന് ഉണ്ണിത്താന്റെ വീട് ആക്രമിച്ചത്. വീട്ടിലുള്ളവരെ മര്‍ദിച്ചതായും സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയെന്നും പോലീസില്‍ പരാതിപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: