ഇടുക്കി: സംസ്ഥാനത്ത് കെഎസ്ഇബിയുടെ ഏക്കര്‍ കണക്കിനു ഭൂമി അനധികൃതമായി കൈമാറിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പൊന്മുടിയില്‍ കെഎസ്ഇബിയുടെ കൈവശമിരുന്ന 21 ഏക്കര്‍ ഭൂമി അനധികൃതമായി പാട്ടത്തിനു നല്കിയ സംഭവത്തില്‍ ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പൂഴ്‌ത്തി. കൈമാറ്റം വിവാദമായതോടെ റവന്യൂ വകുപ്പു വക ഭൂമിയാണ് ഇതെന്നു വ്യക്തമാക്കി 2019 ഒക്ടോബര്‍ ആറിനാണ് ജില്ലാ കളക്ടര്‍ അന്നത്തെ വകുപ്പു മന്ത്രിക്ക് റിപ്പോര്‍ട്ട് നല്കിയത്.
മുന്‍ മന്ത്രി എം.എം. മണിയുടെ മകളുടെ ഭര്‍ത്താവ് ബി. കുഞ്ഞുമോന്‍ പ്രസിഡന്റായുള്ള രാജാക്കാട് സഹകരണ ബാങ്കിനാണ് ഭൂമി ക്രമവിരുദ്ധമായി നല്കിയത്. ഉടുമ്പന്‍ചോല എല്‍ആര്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനാണ് റിപ്പോര്‍ട്ട് നല്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്നും അതു കെഎസ്ഇബിക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ 21 ഏക്കര്‍ അടക്കം 76 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് കെഎസ്ഇബിക്ക് കൈമാറിയതിന്റെ രേഖകളും കണ്ടെത്താനായിട്ടില്ല.
ഭൂമി സംബന്ധിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ രാജാക്കാട് വില്ലേജില്‍പ്പെട്ട ഇവിടെ റവന്യൂ തരിശുഭൂമി മാത്രമേയുള്ളൂവെന്നാണ് പറഞ്ഞിരുന്നത്. ഭൂമി കെഎസ്ഇബിയുടെ കൈവശമാണെങ്കിലും കരമടയ്‌ക്കാത്തതിനാല്‍ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനു തന്നെയാണ്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കെഎസ്ഇബിക്ക് ടൂറിസത്തിലൂടെ അധിക വരുമാനം കണ്ടെത്താന്‍ രൂപീകരിച്ച കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ (കെഎച്ച്ടിസി) ഭരണസമിതിയാണ് കുറഞ്ഞ തുകയ്‌ക്ക് കണ്ണായ ഭൂമി കൈമാറാന്‍ തീരുമാനിച്ചത്. ഇതിന്റെ ചെയര്‍മാനായ മന്ത്രി എം.എം. മണി ഇടപെട്ട് 2019 ഫെബ്രുവരി ആറിന് ചേര്‍ന്ന കെഎച്ച്ടിസിയുടെ യോഗത്തിലാണ് പൊന്മുടിയിലെ സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 28ന് കെഎസ്ഇബി ഫുള്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം അംഗീകരിച്ചു. മാര്‍ച്ച് രണ്ടിന് ഉത്തരവുമിറക്കി.
പൊന്മുടിയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തിന് 15 വര്‍ഷത്തേക്കാണ് സ്ഥലം നല്കിയത്. മൂന്നു സഹകരണ സംഘങ്ങളില്‍ നിന്നാണ് പദ്ധതിക്കായി രാജാക്കാട് ബാങ്കിനെ തെരഞ്ഞെടുത്ത്. 20 ശതമാനം വരുമാനം പങ്കിടണമെന്നായിരുന്നു വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: