രാജ്യത്തെ എല്ലാ വീടുകളിലും ടാപ്പുവഴി കുടിവെള്ളമെത്തിക്കാന്‍ വിഭാവനം ചെയ്തിട്ടുള്ള ജല്‍ജീവന്‍ മിഷന്റെ വന്‍വിജയം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍തൂവലുകളിലൊന്നാണ്. രണ്ടരവര്‍ഷത്തിനകം ഒന്‍പത് കോടി വീടുകളിലാണ് ഇതുവഴി ശുദ്ധജലമെത്തിക്കാന്‍ കഴിഞ്ഞത്. ഗോവ, ഹരിയാന, തെലങ്കാന, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി, ദാദര്‍ നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ഓരോ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും ഈ വിജയത്തിന്റെ വക്കിലാണ്. ഈ വര്‍ഷംതന്നെ ഇവിടങ്ങളില്‍ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും. അഞ്ചുവര്‍ഷത്തെ കാലയളവിനുള്ളില്‍ മൂന്നരലക്ഷം കോടിയിലേറെ രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളതെന്നാണ് ജല്‍ശക്തി മന്ത്രാലയം വ്യക്തമാക്കുന്നത്. 2022-23 ലെ പൊതുബജറ്റില്‍ 60,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം പതിനഞ്ചാം ധനകമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഇരുപത്തിയേഴായിരം കോടിയോളം രൂപയാണ് കുടിവെള്ളത്തിനും ശുചീകരണത്തിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ളത്. അടുത്ത അഞ്ചു വര്‍ഷത്തേക്കായി ഒന്നരലക്ഷം കോടി രൂപയോളം ഫണ്ട് അനുവദിക്കും. ഭീമമായ ഈ തുക രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ജല്‍ശക്തി മന്ത്രാലയം കരുതുന്നത്.
മുന്‍കാല ജലവിതരണ പദ്ധതികളില്‍നിന്നൊക്കെ മൗലികമായി വ്യത്യസ്തമാണ് ജല്‍ജീവന്‍ മിഷന്‍. ജലവിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലല്ല, വെള്ളം എത്തിക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ മുദ്രാവചനംതന്നെ ‘ആരെയും ഒഴിവാക്കില്ല’ എന്നതാണ്. സാമൂഹ്യ, സാമ്പത്തിക നില പരിഗണിക്കാതെതന്നെ എല്ലാ വീടുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍, വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നുണ്ട്. ജനക്ഷേമ പദ്ധതികള്‍ കേവലമായ പ്രഖ്യാപനങ്ങളിലൊതുക്കുന്ന നയമല്ല നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ജല്‍ജീവന്‍ മിഷനും തെളിയിക്കുന്നു. ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യം കണ്ടറിഞ്ഞാണ് മോദി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ആവശ്യമായ പണം ഇതിന് നീക്കിവയ്‌ക്കുന്നു. പദ്ധതികള്‍ നടപ്പാക്കുന്നതിലെ സുതാര്യത അഴിമതികള്‍ക്കുള്ള അവസരം ഇല്ലാതാക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടു പിന്നിട്ടിട്ടും ബഹുഭൂരിപക്ഷം ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ പലതും പരിഹരിക്കാന്‍ ഇക്കാലമത്രയും ഭരണം നടത്തിയവര്‍ക്ക് കഴിഞ്ഞില്ലെന്നത് പരമാര്‍ത്ഥമാണ്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഇതിന് മാറ്റം വരാന്‍ തുടങ്ങിയത്. ആറ് വര്‍ഷത്തിനിടെ ജന്‍ധന്‍, ഉജ്വല്‍ യോജന, ആയുഷ്മാന്‍ ഭാരത് എന്നിങ്ങനെയുള്ള ക്ഷേമപദ്ധതികളിലൂടെ ഗ്രാമീണ ഭാരതത്തിന്റെ മുഖച്ഛായതന്നെ മാറിയിരിക്കുകയാണ്.
ലോകജനസംഖ്യയുടെ പതിനാറ് ശതമാനമാണ് ഭാരതത്തിലുള്ളത്. എന്നാല്‍ ലോകത്ത് ശുദ്ധജലം ലഭിക്കുന്നവരില്‍ നാല് ശതമാനം മാത്രമാണത്രേ രാജ്യത്തുള്ളത്. ഗ്രാമീണ മേഖലയിലെ നാലില്‍ മൂന്ന് ഭാഗം കുടുംബങ്ങളും ശുദ്ധജലം ലഭിക്കാത്തവരാണെന്നാണ് കണക്കുകള്‍ പറയുന്നത്. കാലാവസ്ഥയുടെ മാറ്റവും ആവര്‍ത്തിക്കപ്പെടുന്ന വരള്‍ച്ചയുമാണ് ജലദൗര്‍ലഭ്യത്തിനു കാരണം. സ്ത്രീകളാണ് ഇതിന്റെ കഷ്ടതകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. വെള്ളം ശേഖരിക്കുന്നത് സ്ത്രീകളുടെ മാത്രം കടമയായി കരുതപ്പെടുന്ന ഉത്തര ഭാരതത്തില്‍ പലയിടങ്ങളിലും മൈലുകള്‍ താണ്ടി വെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണ്. മതിയായ തോതില്‍ ശുദ്ധജലം ലഭിക്കാത്തതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തെയും ബാധിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റക്കുറച്ചിലുകളോടെ നിലനില്‍ക്കുന്ന ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ജല്‍ജീവന്‍ മിഷനുള്ളത്. പല നിലകളിലും പുരോഗമിച്ചു എന്ന് അവകാശപ്പെടുന്ന കേരളത്തില്‍പ്പോലും കുടിവെള്ളക്ഷാമം രൂക്ഷമായ എത്രയോ പ്രദേശങ്ങളുണ്ട്. കടല്‍വെള്ളം ശുദ്ധീകരിച്ച് നല്‍കാമെന്നിരിക്കെ, വൈപ്പിന്‍ പോലുള്ള പ്രദേശങ്ങളില്‍ പതിറ്റാണ്ടുകളായി കേരളം മാറിമാറി ഭരിച്ചവര്‍ക്ക് അതിനു കഴിഞ്ഞില്ല എന്നത് നഗ്നസത്യം മാത്രമാണ്. നാല്‍പത്തിനാല് നദികളൊഴുകുന്ന കേരളത്തിലെ കുടിവെള്ള പ്രശ്നം ഭരണാധികാരികളുടെ ഭാവനാശൂന്യതയ്‌ക്കും കാര്യക്ഷമതയില്ലായ്മയ്‌ക്കും തെളിവാണ്. ഈ പശ്ചാത്തലത്തില്‍ ജല്‍ജീവന്‍ മിഷന്‍ വഴി സംസ്ഥാനത്തെ ഇരുപത്തിയേഴ് ലക്ഷം വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: