തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി. അശോക് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉത്തരവിറക്കി. ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയ്‌ക്കാണ് അന്വേഷണച്ചുമതല. ചെയര്‍മാന്റെ വെളിപ്പെടുത്തലുകളിലും ഇടത് സംഘടനകള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിലും അന്വേഷണം നടത്തണം. ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
സമരം പ്രഖ്യാപിച്ച നേതാക്കള്‍ക്ക് മറുപടിയെന്നോണം ബോര്‍ഡില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ചെയര്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കെഎസ്ഇബി ചെയര്‍മാനെ സ്ഥാനത്തു നിന്നും നീക്കുന്നത് വലിയ വിവാദത്തിന് വഴിവക്കുമെന്നതിനാല്‍ അശോകിനെ പദവിയില്‍ തുടരാന്‍ അനുവദിച്ചേക്കും. വിവാദ ഉത്തരവുകള്‍ മരവിപ്പിച്ച് തല്‍കാലം ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടത്തി വിഷയം പരിഹരിക്കാനാണ് സാധ്യത.
ഇടതുമുന്നണിയില്‍ത്തന്നെ രാഷ്‌ട്രീയപ്രതിസന്ധിയുണ്ടാക്കുകയും മുന്‍ മന്ത്രി എം.എം. മണി ആരോപണങ്ങള്‍ക്കെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആരുടെയും പേരെടുത്ത് പറയാതെയാണ് ചെയര്‍മാന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെങ്കിലും ഇടത്‌സംഘടനകള്‍ ഭരണത്തില്‍ ഇടപെടലുകള്‍ നടത്തിയെന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം ബോര്‍ഡിലെ ഇടതുസംഘടനകളുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എന്നിവരുമായി മന്ത്രി ചര്‍ച്ചനടത്തും.
കെഎസ്ഇബി ചെയര്‍മാന്‍ അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യവയും നടത്തുകയാണെന്ന് ആരോപിച്ച് ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് സമരം ഉണ്ടാകില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിലെ ക്രമക്കേടുകള്‍ക്ക് രേഖാ മൂലമുള്ള തെളിവുകള്‍ കൂടി പുറത്തുവന്നതോടെ വിഷയത്തില്‍ പ്രതിപക്ഷവും പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: