ചെന്നൈ: മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം തമിഴ്നാട്ടിലെ തഞ്ചാവൂരിലെ മൈക്കോല്‍പ്പട്ടിയിലെ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ വിദ്യാര്‍ത്ഥിനി ലാവണ്യ ആത്മഹത്യ ചെയ്ത കേസ് സിബി ഐ ഏറ്റെടുത്തു. കേസന്വേഷണം നടത്തിയിരുന്ന തമിഴ്നാട് പൊലീസില്‍ വിശ്വാസമില്ലെന്ന ലാവണ്യയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസന്വേഷണം സിബി ഐയ്ക്ക് വിടാന്‍ സുപ്രീംകോടതി വിധിച്ചത് . തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിമാര്‍ കൂടി ഇടപെട്ട കേസായതിനാല്‍ സത്യം പുറത്ത് വരാന്‍ തടസ്സമുണ്ടായേക്കുമെന്നും അതിനാല്‍ സിബി ഐ അന്വേഷിക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
കേസ് ഒരു അഭിമാനപ്രശ്നമായി കണക്കിലെടുക്കാതെ സിബി ഐയ്ക്ക് വിടാനായിരുന്നു തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇത് പ്രകാരം ബുധനാഴ്ച തന്നെ സിബി ഐ കേസെടുത്തു.
ഈ കേസില്‍ തമിഴ്നാട്ടിലെ ഒരു ഉന്നതമന്ത്രി തന്നെ പ്രത്യേകമായി ഇടപെട്ടതിനാല്‍ ഇനി തമിഴ്നാട് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഈ കേസില്‍ ഒരു പാട് സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
തന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തഞ്ചാവൂരിലെ മൈക്കേല്‍പട്ടിയിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ട് കന്യാസ്ത്രീകള്‍ ശ്രമിച്ചു എന്നാണ് അവിടുത്തെ വിദ്യാര്‍ത്ഥിനിയായ 17 കാരി ലാവണ്യ മരണത്തിന് തൊട്ടുമുമ്പ് ഒരു വീഡിയോയില്‍ ആരോപിച്ചത്. മതം മാറിയാല്‍ ജോലിയും നല്ല വിദ്യാഭ്യാസവുമാണ് കന്യാസ്ത്രീകള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ കന്യാസ്ത്രീകള്‍ സ്കൂളിനോട് ചേര്‍ന്നുള്ള സെന്റ് മൈക്കേള്‍സ് ഹോസ്റ്റലില്‍ അന്തേവാസിയായ ലാവണ്യയെ ക്രൂരപീഡനങ്ങള്‍ക്ക് വിധേയയാക്കുകയായിരുന്നു. മുറി വൃത്തിയാക്കാനും, പുസ്തകങ്ങള്‍ അടുക്കിവെക്കാനും പാചകം ചെയ്യാനും പ്രേരിപ്പിച്ചതോടെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിന്റെ മാനസികപീഢനത്താല്‍ ലാവണ്യ കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നല്കിയ മരണമൊഴിയില്‍ കന്യാസ്ത്രീകളായ സഗായമേരി, റേച്ചലിന് മേരി എന്നിവരാണ് തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചതെന്ന് ലാവണ്യ ആരോപിക്കുന്നു. ജനവരി 19ന് തഞ്ചാവൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചാണ് ലാവണ്യ മരിച്ചത്.
ലാവണ്യ മതപരിവര്‍ത്തനപീഡനങ്ങളെക്കുറിച്ച് ഏറ്റുപറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഡിഎംകെ സര്‍ക്കാരും പൊലീസും ആത്മഹത്യയ്ക്ക് പിന്നിലെ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വിഷയം മറച്ചുപിടിക്കാന്‍ ഗൂഢനീക്കങ്ങള്‍ നടത്തിയതായി പറയുന്നു. ഈ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പ്രശ്നമില്ലെന്ന് തഞ്ചാവൂര്‍ എസ്പി, ഡിഎംകെ മന്ത്രിമാരായ അന്പില് മഹേഷ് (വിദ്യാഭ്യാസ മന്ത്രി), ഗീത ജീവന് (സാമൂഹ്യക്ഷേമമന്ത്രി) എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് ലാവണ്യയുടെ അച്ഛനമ്മമാര്‍ കോടതിയെ സമീപിച്ചത്. തമിഴ്നാട് പൊലീസില്‍ വിശ്വാസമില്ലെന്നും കേസ് സിബി ഐയ്ക്ക് വിടാനുമാണ് ഇവര്‍ അഭ്യര്‍ത്ഥിച്ചത്. ഡിഎസ്പി ഈ കേസിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഭാഗം പൂര്‍ണ്ണമായും മറച്ചുവെയ്ക്കാന്‍ ശ്രമിച്ചുവെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.
വിദ്യാഭ്യാസമന്ത്രിയായ അന്പില് മഹേഷ് തന്നെ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഒരു നിലപാട് എടുത്തതോടെ ഇത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നതിനാല്‍ മദ്രാസ് ഹൈക്കോടതി കേസന്വേഷണം സിബി ഐയ്ക്ക് വിടാന്‍ തീരുമാനിച്ചു. ഇതിനെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. തിങ്കളാഴ്ച വാദം കേട്ട സുപ്രീംകോടതിയാണ് കേസിനാസ്പദമായ രേഖകള്‍ സിബി ഐയെ ഏല്‍പ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ കേസ് ഒരു അഭിമാനപ്രശ്നമായി കാണേണ്ടെന്നും സുപ്രീംകോടതി തമിഴ്നാട് സര്‍ക്കാരിനോട് ഉപദേശരൂപേണ പറഞ്ഞു.
കേസ് സിബി ഐയ്ക്ക് വിടാന്‍ ആവശ്യപ്പെടുന്ന മദ്രാസ് ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ സുപ്രീംകോടതി പറഞ്ഞു: ‘സിബി ഐ അന്വേഷണത്തില്‍ ഇടപെടുന്നത് ഉചിതമായിരിക്കില്ല,’. പക്ഷെ തമിഴ്നാട് പൊലീസിന്റെ സ്വഭാവത്തെ പൊതുവെ വിമര്‍ശിച്ച മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണത്തിനെതിരെ നോട്ടീസയയ്ക്കാനും സുപ്രീംകോടതി സമ്മതിച്ചു.
ഈ കേസില്‍ തഞ്ചാവൂരിലെ മൈക്കേല്‍പട്ടിയിലെ സ്കൂള്‍ സന്ദര്‍ശിച്ച ദേശീയ ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പ്രിയാങ്ക് കനൂംഗോ സേക്രഡ് ഹാര്‍ട്ടിനോട് ചേര്‍ന്ന് നടത്തുന്ന സെന്റ് മൈക്കേള്‍സ് ഹോം എന്ന ഹോസ്റ്റല്‍ അനാഥമന്ദിരമായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണെന്നും കണ്ടെത്തി. അനാഥമന്ദിരത്തിന്റെ പേരില്‍ രജിസ്ട്രേഷന് എടുത്ത ശേഷം അവിടെ ഹോസ്റ്റല്‍ ആയി പ്രവര്‍ത്തിപ്പിച്ചു എന്ന കുറ്റവും സ്കൂളിനെതിരെ ഉണ്ട്. തുടക്കം മുതലേ നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തെ ലാവണ്യയുടെ ആത്മഹത്യയില്‍ നിന്നും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഡിഎംകെ സര്‍ക്കാരിലെ എംഎല്‍എയായ ഇനിഗൊ ഇരുദയ രാജ് ഈ കേസിലെ പ്രധാന കുറ്റവാളിയായ വാര്ഡന് സഗായ മേരി ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങുമ്പോള്‍ അവരെ ഒരു ചടങ്ങില്‍ അഭിനന്ദിച്ചതായും കണ്ടെത്തിയിരുന്നു.
തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളിലെ 17 കാരി ലാവണ്യയാണ് പള്ളിസ്കൂള്‍ അധികൃതര്‍ മതംമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. 10 ദിവസം ജീവന് വേണ്ടി പൊരുതിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ മരണത്തിന് കീഴടങ്ങിയത്. വിഷം കഴിച്ചായിരുന്നു മരണം. സ്കൂള്‍ അധികൃതര്‍ മതംമാറ്റാന്‍ പ്രേരിപ്പിച്ച വീഡിയോ ഉയര്‍ത്തിക്കാട്ടി ശക്തമായ സമരമാണ് ബിജെപി തമിഴ്നാട്ടില്‍ നടത്തിയത്. ഇത് മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച്ചയായി മാറിയിരുന്നു. ലാവണ്യ മരിച്ചതിന്റെ പിറ്റേദിവസമാണ് കുട്ടിയുടെ അച്ഛനും അമ്മയും ഈ 44 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുമായി പൊലീസിനെ സമീപിച്ചത്. ഈ വീഡിയോയിലാണ് മതപരിവര്‍ത്തനം നടത്താന്‍ പള്ളിസ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി ലാവണ്യ പറയുന്നത്. വിവാദ വീഡിയോയില്‍ ലാവണ്യ പറയുന്നത് ഇതാണ്: ‘അവര്‍ (പള്ളിസ്കൂള്‍ അധികൃതര്‍) എന്റെ സാന്നിധ്യത്തില്‍ അച്ഛനമ്മമാരോട് എന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് ചേരാന്‍ നിര്‍ബന്ധിച്ചു. അങ്ങിനെയെങ്കില്‍ ഉപരിപഠനത്തിന് സഹായിക്കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിക്കാത്തതിനാല്‍ അവര്‍ എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു,’. ലാവണ്യ തന്നെ പീഡിപ്പിച്ച റാക്വല്‍ മേരി എന്ന ഇതേ സ്കൂളിലെ ഒരു കന്യാസ്ത്രീയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഇവരെ പൊലീസ് ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: