ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മായ്ച്ച് കളഞ്ഞതിന് രാഹുല്‍ ഗാന്ധിയ്ക്കെതിരെ രാജ്യദ്രോഹത്തിന് നൂറുകണക്കിന് കേസുകള്‍ നല്കി അസം ബിജെപി.
രാഹുല്‍ ഗാന്ധി ഈയിടെ നല്കിയ ട്വീറ്റില്‍ ഇന്ത്യയെക്കുറിച്ച് നല്കിയ വിവരണത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പാടെ വിട്ടുകളഞ്ഞിരുന്നു. ഇതാണ് അസമിലെ ബിജെപിയെ ചൊടിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയുടെ തത്വസംഹിതയോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് അസം ബിജെപിയുടെ വക്താവ് പബിത്ര മര്‍ഗേറിത പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ള കോണ്‍ഗ്രസിലെ സമുന്നത നേതാക്കള്‍ എല്ലാം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളോട് ചിറ്റമ്മ നയമാണ് കാണിച്ചിരുന്നത്.- പബിത്ര മര്‍ഗേറിത പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വിവാദ ട്വീറ്റ് കാണാം:
അസമിലെ വിവിധ സ്റ്റേഷനുകളില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് ബിജെപി, മഹിളാമോര്‍ച്ച, ബിജെവൈഎം എന്നിവയുടെ പ്രവര്‍ത്തകര്‍. ഭാരതീയ യുവ ജനത മോര്‍ച്ച ഏകദേശം 1500 കേസുകളാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ നല്‍കിയത്. ഈയിടെ പങ്കുവെച്ച ട്വീറ്റില്‍ രാഹുല്‍ ഗാന്ധി കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമബംഗാള്‍ വരെയും ഉള്ള ഇന്ത്യയെ വിവരിച്ചിരുന്നു. എന്നാല്‍ ഇതില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വിട്ടുകളഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങ് എന്നിവരും വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ശക്തമായി പ്രതികരിച്ചിരുന്നു.
ഇന്ത്യയുടെ ഭൂമിശാസ്ത്രം വിവരിക്കുമ്പോള്‍ വടക്കുകിഴക്കന്‍ മേഖലയെ രാഹുല്‍ പാടെ ഒഴിവാക്കുകയായിരുന്നു. ഇത് വടക്ക് കിഴക്കന്‍ മേഖലകളില്‍ വിഘടനശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്ല്യമാണ്. ഉയര്‍ന്ന പ്രതിപക്ഷ നേതാവായതിനാല്‍ ഇദ്ദേഹത്തിന്റെ പ്രസ്താവന തീര്‍ച്ചതായും വിഘടന ശക്തികളെ പ്രോത്സാഹിപ്പിക്കും.- പബിത്ര മര്‍ഗേറിത പറഞ്ഞു. അസമും വടക്ക് കിഴക്കന്‍ മേഖലകളും അതിപ്രാചീന കാലം മുതലേ ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു. 1962ലെ യുദ്ധത്തില്‍ ജവഹര്‍ലാല്‍ നെഹ്രു അസമിനോട് വിട പറഞ്ഞപ്പോള്‍ എന്റെ കണ്ണുനീര് അസംജനതയ്ക്കൊപ്പമായിരുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി വടക്ക് കിഴക്കന്‍ മേഖലയെ മുറിച്ചുകളഞ്ഞുള്ള ഇന്ത്യയെ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോട് ഈ മേഖലയിലെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല.- പബ്രിത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: