ബെംഗളൂരു: വിദ്യാഭ്യാസത്തേക്കാള്‍ വലുതാണ് ഹിജാബെന്ന് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍. ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പ്രവേശിക്കരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതോടെ പരീക്ഷകള്‍ ബഹിഷ്കരിച്ച് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങി.ഈ കുട്ടികളുടെ രോഷാകുലരായ രക്ഷിതാക്കള്‍ പോലീസുമായും സ്കൂള്‍ അധികൃതരുമായും തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ എല്ലാ വിദ്യാര്‍ത്ഥികളും മതവസ്ത്രങ്ങള്‍ ക്ലാസ് മുറിക്കുള്ളില്‍ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്.
ഈ ഉത്തരവ് നിലനില്‍ക്കെ തിങ്കളാഴ്ച സംസ്ഥാനത്തുടനീളം അടച്ചിട്ട ഹൈസ്കൂളുകള്‍ വീണ്ടും തുറന്നിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് മാനിക്കാതെയാണ് നിരവധി മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ക്ലാസ്മുറികളില്‍ പ്രവേശിക്കാനെത്തിയത്. ശിവമോഗയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ബുര്‍ഖയും ഹിജാബും ധരിച്ച് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ല. മതവസ്ത്രം അഴിച്ച് യൂണിഫോം ധരിച്ചാല്‍ മാത്രമേ മാതൃക പരീക്ഷ എഴുതാന്‍ അനുവദിക്കൂവെന്ന അധികൃതരുടെ വാദത്തെ വിദ്യാര്‍ത്ഥിനി എതിര്‍ത്തു.
കുട്ടിക്കാലം മുതലേ ഹിജാബ് ധരിച്ചാണ് വളര്‍ന്നതെന്നും അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പരീക്ഷ എഴുതില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പ്രതികരണം. വിദ്യാഭ്യാസത്തേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് മതത്തിനാണെന്നും വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. സമാനമായി ചിക്കമംഗളൂരു ജില്ലയിലെ ഇന്ദവാര ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച മുസ്ലീം പെണ്‍കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ല. ഉടന്‍ തന്നെ രക്ഷിതാക്കള്‍ സ്കൂളിലെത്തി പ്രതിഷേധം നടത്തിയെങ്കിലും ജില്ലാ പോലീസ് വിഷയത്തില്‍ ഇടപെട്ടു.
രക്ഷിതാക്കള്‍ ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിക്കുകയും ഹൈക്കോടതി ഉത്തരവ് രേഖാമൂലം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ ബലം പ്രയോഗിച്ച് സ്കൂളില്‍ നിന്നും പറഞ്ഞയക്കുകയായിരുന്നു.
സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം പ്രിന്‍സിപ്പല്‍ സ്കൂളിന് അവധി നല്കി. ചിക്കമംഗളൂരു നഗരത്തിലെ മറ്റൊരു സ്ഥാപനത്തില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നു. രക്ഷിതാക്കള്‍ സ്കൂളില്‍ തടിച്ചുകൂടുകയും കുട്ടികളെ അകത്തേക്ക് കയറ്റാത്തതിന് പ്രതിഷേധിക്കുകയും ചെയ്തു.
തുമകുരുവിലെ എസ്വിഎസ് സ്കൂളില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചതിനാല്‍ രക്ഷിതാക്കള്‍ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഹൈക്കോടതി ഉത്തരവുകള്‍ മാനിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും നിയമലംഘകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: