Categories: India

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ മുംബൈയില്‍ ഇഡി റെയ്ഡുകള്‍; ദാവൂദ് ബന്ധമുള്ള ഉന്നതരാഷ്‌ട്രീയ നേതാവിന് കുരുക്ക്

മുംബൈയില്‍ 10 വിവിധ ഇടങ്ങളില്‍ ചൊവ്വാഴ്ച ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തി. ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരി ഹസീന പാര്‍ക്കറുടെ വസതിയിലും ചൊവ്വാഴ്ച അതിരാവിലെ ഇഡിയുടെ ഉന്നതോദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

Published by

മുംബൈ: മുംബൈയില്‍ 10 വിവിധ ഇടങ്ങളില്‍ ചൊവ്വാഴ്ച ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തി.  ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ വസതിയിലും ചൊവ്വാഴ്ച അതിരാവിലെ ഇഡിയുടെ ഉന്നതോദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നേരത്തെ സീല്‍ വെച്ച് പൂട്ടിയിരുന്ന വീട്ടിലാണ് ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കുറ്റം ചാര്‍ത്താവുന്ന ചില നിര്‍ണ്ണായക രേഖകള്‍ കണ്ടെടുത്തതായി പറയുന്നു. അധോലോക പ്രവര്‍ത്തനങ്ങള്‍, അനധികൃത ഭൂമി ഇടപാടുകള്‍, ഹവാല കൈമാറ്റങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ഭാഗമായാണ് ഇഡി റെയ്ഡുകള്‍.

ദാവൂദുമായി സജീവ ബന്ധം പുലര്‍ത്തിയിരുന്ന മഹാരാഷ്‌ട്രയിലെ ഒരു ഉന്നത രാഷ്‌ട്രീയനേതാവും ഇഡിയുടെ അന്വേഷണ പരിധിയില്‍ വന്നിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ ഏതാനും ശക്തമായ രേഖകള്‍ കിട്ടിയിട്ടുണ്ട്. ‘മുംബൈയിലും പരിസരത്തെ 10 ഇടങ്ങളിലും റെയ്ഡുകള്‍ നടത്തി. ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ കൂട്ടാളികളും ഉള്‍പ്പെട്ട മുന്‍കാലത്തെ  കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് റെയ്ഡ്. മുംബൈയിലെ ഒരു വലിയ ഭൂമി ഇടപാടും പരിശോധനയിലുണ്ട്. മഹാരാഷ്‌ട്രയിലെ ഒരു മുതിര്‍ന്ന രാഷ്‌ട്രീയ നേതാവും മറ്റുള്ളവരോടൊപ്പം ഈ കേസിലുണ്ടെന്ന് കരുതുന്നു.’- ഇഡി വൃത്തങ്ങള്‍ പറയുന്നു.

ദാവൂദിന്റെ കൂട്ടാളികളുടെയും അതുമായി ബന്ധപ്പെട്ട രാഷ്‌ട്രീയക്കാരുടെയും പണമിടപാടുകള്‍ ഇഡി പരിശോധിക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു പാടു നാളായി അന്വേഷണം നടത്തുന്നതായും ഇഡി പറയുന്നു.

ഇടനിലക്കാരിലൂടെ ഇപ്പോഴും മുംബൈയിലെ ഭൂമിയിടപാടുകള്‍ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. ഹവാല ശൃംഖലകളിലൂടെയാണ് അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും പണം എത്തിക്കുന്നത്. ഇന്ത്യയിലുടനീളം തീവ്രവാദ പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതിനുള്ള വിവിധ ഭീകരവാദ രഹസ്യസംഘങ്ങള്‍ക്കാണ് ഈ പണം നല്‍കുന്നത്. പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഐഎസ് ഐയും ദാവൂദിനെ പിന്തുണയ്‌ക്കുന്നുണ്ട്. ബിസിനസില്‍ നിന്നും ലഭിക്കുന്ന പണം ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്.

1993ലെ മുംബൈ സ്‌ഫോടനങ്ങളുടെ ബുദ്ധികേന്ദ്രമായ ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ ചില രാഷ്‌ട്രീയ ബന്ധങ്ങളും മുംബൈയിലെ ദുരൂഹമായ ചില ഭൂമിയിടപാടുകളില്‍ ഉള്‍പ്പെട്ടിരുന്നതായി എന്‍ ഐഎ ഈയിടെ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് റെയ്ഡ്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇഡി റെയ്ഡ് ഉണ്ടാകുമ്പോള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സഹകരിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകള്‍ സ്വാഗതാര്‍ഹമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ 10 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കൂട്ടായ്മയെ 22,842 കോടി തിരിമറി നടത്തി വഞ്ചിച്ച എബിജി ഷിപ് യാര്‍ഡ് ലിമിറ്റഡ് മുന്‍ ചെയര്‍മാനും എംഡിയുമായ റിഷി കമലേഷ് അഗര്‍വാളിനെയും മറ്റ് ഏഴ് പേരെയും  സി ബി ഐ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ 28 ബാങ്കുകളെയാണ് തട്ടിച്ചത്. “രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ ഇഡി എന്താണ് ചെയ്യുന്നതെന്ന് കാണണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ തട്ടിപ്പ് മറച്ച് വെച്ചവര്‍ ആരോക്കെയെന്ന് അറിയണം. ഈ സംഭവത്തില്‍ കേസെടുക്കാന്‍ പോലും അനുവദിക്കാതിരുന്നത് ആരാണ്? എങ്ങിനെയാണ് വഞ്ചകര്‍ രാജ്യത്ത് നിന്നും രക്ഷപ്പെട്ടത്?”- സ‍ഞ്ജയ് റാവുത്ത് പറഞ്ഞു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക