ന്യൂദല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സുഷമ സ്വരാജിന്റെ 70-ാം ജന്മവാര്ഷിക ദിനത്തിലാണ് അവരെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
‘ഇപ്പോള്‍ ഞാന്‍ ജലന്ധറില്‍ നിന്ന് റാലി കഴിഞ്ഞ് മടങ്ങുകയാണ്. ഇന്ന് സുഷമാജിയുടെ ജന്മവാര്‍ഷികമാണ്. അവരുമായി ബന്ധപ്പെട്ട ഒരു പഴയ സംഭവം പെട്ടെന്ന് ഞാന്‍ ഓര്‍ത്തു, അത് നിങ്ങളുമായി പങ്കിടണമെന്ന് ഞാന്‍ കരുതി. ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷം മുമ്പാണ് സംഭവം, ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സമയം. ഒരു തെരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്തില്‍ എത്തിയ സുഷമാജി എന്റെ ഗ്രാമമായ വഡ്നഗറില്‍ എത്തുകയും എന്റെ അമ്മയെ കാണുകയും ചെയ്തിരുന്നു. അപ്പോഴാണ് എന്റെ അടുത്ത ബന്ധുവിന് ഒരു പെണ്‍കുട്ടി പിറന്നത്. ജാതകപ്രകാരം അവള്‍ക്ക് ജ്യോത്സ്യന് ഒരു പേര് നിര്‍ദ്ദേശിക്കുകയും കുടുംബം അത് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുഷമാജിയെ കണ്ടശേഷം അമ്മ പറഞ്ഞു കുഞ്ഞിനെ സുഷമ എന്ന് വിളിച്ചാല്‍ മതിയെന്ന്. എന്റെ അമ്മ അത്ര വിദ്യാസമ്പന്നയല്ലെങ്കിലും ചിന്തകളില്‍ ആധുനികത പുലര്‍ത്തുന്നവരാണ്. അക്കാലത്ത് അവര്‍ എല്ലാവരേയും വിലയിരുത്തിയ രീതി ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സുഷമാജിയുടെ ജന്മദിനത്തില് അവര്‍ക്ക് സല്യൂട്ട്’.
വിദേശ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് സുഷമ സ്വരാജ് പ്രധാനപങ്കു വഹിച്ചുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരെ സഹായിച്ച അനുകമ്പയുള്ള നേതാവായിരുന്നു അവരെന്നും പ്രധാനമന്ത്രി തന്റെ അനുശോചനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 2019 ഓഗസ്റ്റ് 6 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജെപി നേതാവായ സുഷമ സ്വരാജ് (67) അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: