കുടയത്തൂര്‍: വേനല്‍ കനത്തതോടെ കുടയത്തൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തില്‍. ജീവിതാവശ്യത്തിനുള്ള വെള്ളം വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
ജലസമൃദ്ധമായ മലങ്കര ജലാശയത്തിന്റെ സമീപ പ്രദശത്തുള്ള ഉയര്‍ന്ന മേഖലയിലുള്ളവരാണ് വെള്ളമില്ലാതെ കഷ്ടപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജല്‍-ജീവന്‍ പദ്ധതി ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഉണ്ടായിട്ടും അതൊന്നും ഫലപ്രദമായി വിനിയോഗിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിയുന്നില്ല. പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളായ കൈപ്പ, മുതിയാമല, മോര്‍ക്കാട്, ചക്കിക്കാവ്, അടൂര്‍മല ,ഏഴാംമൈല്‍ തുടങ്ങിയ മേഖലകളിലേക്ക് ഒന്നും ജലവിതരണം നടക്കുന്നില്ല.
നിലവില്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമാണ് ജലവിതരണ പൈപ്പ് വഴി വെള്ളം വിതരണം ചെയ്യുന്നത്. ഏഴാംമൈല്‍ അമ്പലംകുന്ന് ഭാഗത്ത് കുടിവെള്ളം എത്തിക്കുമെന്ന മന്ത്രി റോഷി അഗ്സ്റ്റിന്റെ വാഗ്ദാനം ഇതുവരെ പ്രാവര്‍ത്തികമായില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിന് അമ്പലംകുന്ന് ഭാഗത്ത് വന്ന റോഷി അഗസ്റ്റിന്‍ 6 മാസത്തിനുള്ളില്‍ പ്രദേശത്ത് വെള്ളം എത്തിക്കും എന്ന് വാഗ്ദാനം ചെയ്തതാണ്. ജയിച്ച് ജലവിഭവ മന്ത്രിയായിട്ടും നാട്ടുകാരുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന പ്രദേശത്ത് താമസിക്കുന്നവര്‍, സ്വഭാവിക ജല സ്രോതസ്സായ ഓലികളില്‍ നിന്നും ഹോസ്സ് ഇട്ടാണ് വെള്ളം വീടുകളിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ വേനല്‍ കനത്തതോടെ ചെറിയ തോടുകളും, ഓലികളും വറ്റിവരണ്ടു.ഇതോടെ വെള്ളം ഇവര്‍ക്ക് കിട്ടാക്കനിയായി.
പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന വാര്‍ഡ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. കാഞ്ഞാര്‍ പാലത്തിന് സമീപമുള്ള പമ്പിങ് സ്റ്റേഷനില്‍ നിന്നും കൂവപ്പള്ളിക്ക് സമീപമുള്ള വാട്ടര്‍ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് വിതരണം ചെയ്യുന്നത്. എന്നാല്‍ കൂവപ്പളളി ജങ്ഷനു സമീപം വരെ മാത്രമേ ഈ ഭാഗത്ത് ജലവിതരണം എത്തുകയുള്ളൂ.
ഉയര്‍ന്ന ഭാഗമായ ചക്കിക്കാവ്, മോര്‍ക്കാട് തുടങ്ങിയ പ്രദേശം ടാങ്കിന്റെ സമീപത്ത് ആണെങ്കിലും അവിടേക്ക് ജലവിതരണ സംവിധാനമില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഫലപ്രദമായ പദ്ധതികള്‍ ഉണ്ടായിട്ടും അവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി പഞ്ചായത്ത് ഭരണസമിതിക്ക് ഇല്ലാത്തതിനാല്‍ ചുറ്റും വെള്ളം ഉണ്ടായിട്ടും പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ജീവിതാവശ്യത്തിനുള്ള വെള്ളം വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: