പാലാ: നഗരത്തിലെ ഓടകള്‍ക്ക് മുകളിലും ജല അതോറിറ്റിയുടെ മാന്ഹോളുകള്ക്കു മുകളിലും സ്ഥാപിച്ചിരികുന്ന ഇരുമ്പഴികള്‍ വാഹനങ്ങള്‍ക്കും കാല് നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. കാലപ്പഴക്കവും ഗുണനിലവാരക്കുറവും മൂലം വളഞ്ഞും ഒടിഞ്ഞും കിടക്കുന്ന ഇരുമ്പഴികള്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്തവിധം അപകടാവസ്ഥയിലാണ്.
പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കാല് കുരിശുപള്ളിക്കവലയില്‍ ജല അതോറിറ്റിയുടെ മാന്‍ഹോളിനു മുകളില്‍ ഇട്ടിരുന്ന ഇരുമ്പഴിക്കുള്ളില്‍ കുടുങ്ങി പരിക്കേറ്റത് അടുത്ത ദിവസമാണ്. ഇതേത്തുടര്‍ന്ന് ഗ്രില്ലിനു ചുറ്റും അധികൃതര്‍ വേലികെട്ടി തിരിച്ചു. അപകടാസ്ഥയിലായ ഇവ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. സ്റ്റേഡിയം കവലയിലുള്ള ഗ്രില്ലിനു മുകളിലൂടെ ഭാരവാഹനങ്ങള്‍ ഓടി തകര്‍ന്നു കിടക്കുകയാണ്.
റിവര്‍ റോഡില്‍ നിന്ന് കുരിശുപള്ളിക്കവലയിലേക്കുള്ള വഴിയിലെ ഓടയ്ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പഴികളുടെ സ്ഥിതിയും വ്യത്യസ്ഥതമല്ല. ടൗണ്‍ ബസ് സ്റ്റാന്റിനു സമീപം പ്രധാന റോഡില്‍ ഇരുമ്പ് പൈപ്പുകളില്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങള്‍ മുറിച്ചു മാറ്റിയപ്പോള്‍ ബാക്കി നില്ക്കുന്ന കുറ്റിയില്‍ തട്ടിവീണു പരിക്കേല്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. നടപ്പാത പലയിടത്തും പൊട്ടിത്തകര്‍ന്ന സ്ഥിതിയാണ്. ടൈലുകള്‍ ഇളകിക്കിടക്കുന്നതിനാല്‍ പല ഭാഗത്തും കാല്‍നടപോലും ക്ലേശകരമായിരിക്കുകയാണ്.
നൂറുകണക്കിനാളുകള്‍ ദിവസവും എത്തുന്ന നഗരത്തിലെ നടപ്പാതകള്‍ മാറ്റി സ്ഥാപിക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു. നഗരവീഥികളില്‍ ഓടകള്‍ക്കും നടപ്പാതകള്‍ക്കും മുകളില്‍ മഴവെള്ളം ഒഴുകി പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ഗ്രില്ലുകള്‍ തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ ഭീഷണി ആയതിനാല്‍ അവ മാറ്റി പുതിയത് സ്ഥാപിക്കുവാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി നഗരസഭാ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: