ഭോപാല്‍: മധ്യപ്രദേശില്‍ നിന്നുള്ള എംപി സാധ്വി പ്രഗ്യ താക്കൂറിനെ അശ്ലീല വീഡിയോ കാട്ടി ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ മധ്യപ്രദേശ് പൊലീസ് പിടികൂടി. രാജസ്ഥാനില്‍ നിന്നാണ് ഈ യുവാക്കളെ പിടികൂടിയത്.
രാജസ്ഥാനിലെ ഭരത്പൂരിലെ സിക്രിയില്‍ നിന്നാണ് യുവാക്കളായ റവീണിനെയും വാരിസിനെയും അറസ്റ്റ് ചെയ്തത്. തന്റെ പ്രതിച്ഛായ തകര്‍ക്കാനും സല്‍കീര്‍ത്തിക്ക് കളങ്കമേല്‍പ്പിക്കാനും ബോധപൂര്‍വ്വം ചിലര്‍ ശ്രമം നടത്തുന്നതായി പ്രഗ്യതാക്കൂര്‍ ഭോപാലിലെ ടിടി നഗറില്‍ പരാതി നല്‍കിയിരുന്നു.
23 കാരനായ റവീണും 21 കാരനായ വാരിസും അഭ്യസ്തവിദ്യരല്ലെങ്കിലും സൈബര്‍ ക്രൈമില്‍ മിടുക്കരാണെന്ന് പൊലീസ് പറയുന്നു. നഗ്ന വീഡിയോ കാട്ടി ആളുകളെ ബ്ലാക് മെയില്‍ ചെയ്യുന്ന റാക്കറ്റില്പെട്ടവരാണ് ഇവര്‍. വാട്സാപില്‍ ഫിബ്രവരി ആറിനാണ് പ്രഗ്യ താക്കൂറിന് കാള്‍ കിട്ടുന്നത്. തന്നെ ഫോണില്‍ വിളിച്ച സ്ത്രീ അവരുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ തുടങ്ങിയതോടെ പ്രഗ്യ താക്കൂര്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്തു. അധികം വൈകാതെ മറ്റൊരു നമ്പറില്‍ നിന്നും വിളി വന്നു. പ്രഗ്യതാക്കൂര്‍ യുവതിയുമായി സംസാരിച്ച വീഡിയോ പുറത്ത് വിട്ട് അപകീര്‍ത്തിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പണം തട്ടുകയായിരുന്നു ലക്ഷ്യം. പ്രഗ്യ ഉടന്‍ പൊലീസില്‍ പരാതി നല്കി.
പിന്നീട് പൊലീസ് രണ്ടു യുവാക്കളുടെയും ഫോണ്‍ സൈബര്‍ സെല്‍ സഹായത്തോടെ ട്രാക്ക് ചെയ്ത് രാജസ്ഥാനില്‍ നിന്നും പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: