ദൈവരാജ്യമെന്ന ഖ്യാതി ഒരുവശത്ത്. നമ്പര്‍ വണ്‍ ഭരണത്തിന്റെ പുരോഗതി മറുവശത്ത്. അങ്ങനെ സമൃദ്ധസുന്ദരമെങ്കിലും ഇവിടത്തുകാരില്‍ ബഹുഭൂരിപക്ഷത്തിനും നടേ സൂചിപ്പിച്ചതിന്റെ കടുകുമണി ഗുണം കാണാനാവില്ല. അത് പെട്ടെന്ന് മനസ്സിലാവുന്നത് ചില യാദൃച്ഛിക സംഭവ വികാസങ്ങള്‍ ഉണ്ടാവുമ്പോഴാണ്. പലരുടെയും വിവരവും വിവേകവും ശാസ്ത്രീയാവബോധവും ഖജനാവ് തുറന്നു വരുന്നത് അപ്പോഴാണ്.
വാവ സുരേഷ് എന്ന ചെറുപ്പക്കാരനെ പാമ്പുപിടിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പ് ഗുരുതരമായി കടിച്ചു പരിക്കേല്പിച്ചു. പ്രാണവേദനയിലും സുരേഷ് പാമ്പിനെ ഭദ്രമായി ചാക്കിലാക്കി ജനങ്ങളുടെ ഭീതിയകറ്റി. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ ആ പാവത്തിന്റെ ജീവന് സഞ്ചരിക്കുമ്പോള്‍ സുരക്ഷാ മേഖലയിലിരുന്ന് ചില വിദ്വാന്മാര് വിജ്ഞാനം വിളമ്പുകയായിരുന്നു. സുരേഷിന്റെ ഇടപെടലിലെ പ്രശ്നം, പാമ്പുപിടിക്കുന്നതിലെ അശാസ്ത്രീയത, വിദേശങ്ങളിലെ അത്തരം പ്രവര്‍ത്തനങ്ങള്‍… എന്നു തുടങ്ങി എന്തൊക്കെ വിളമ്പിയൊപ്പിക്കാമോ അതൊക്കെ ഘട്ടം ഘട്ടമായി ഇറക്കിക്കൊണ്ടിരുന്നു. ജീവിതത്തില്‍ ഒരു പല്ലിയെ പോലും നേരെ ചൊവ്വെ ഓടിക്കാന്‍ പറ്റാത്തവരായിരുന്നു വായ്ത്താരി കൊണ്ട് പാമ്പുപിടിത്തത്തിന്റെ ശാസ്ത്രീയ വിശകലനം നടത്തിയത്. പാമ്പുവര്ഗത്തിലുള്ള എന്തിനെയെങ്കിലും കണ്ടാല്‍ കിലോമീറ്റര്‍ അകലേയ്ക്ക് ഓടിയൊളിക്കുന്നവരാണ് ഇതിനകം ഇരുനൂറിനടുത്ത് രാജവെമ്പാലകളെ പിടികൂടി ഒരു പ്രശ്നവുമില്ലാതെ കാട്ടില്‍ കൊണ്ടുപോയി രക്ഷപ്പെടുത്തിയ വാവ സുരേഷിനെ പഠിപ്പിക്കാന്‍ രംഗത്തിറങ്ങിയത്. അതിന്റെ പേരില്‍ സ്ക്രീനിലും മറ്റു മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കാനുള്ള അശ്ലീല നടനമായിരുന്നു അതിന്റെ പിന്നില്‍. നമ്പര്‍വണ്‍ കേരളത്തിന്റെ പൊതുബോധം മ്ലേച്ഛവഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നതിന് ഇതില്‍പ്പരം തെളിവെന്തിന്?
വാവ സുരേഷ് വ്യക്തിപരമായ നേട്ടത്തിനു വേണ്ടി ഇന്നേവരെ ഒരു പാമ്പിനെയും പിടിച്ചിട്ടില്ല, സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. ഇത് തന്റെ ധാര്‍മിക ഉത്തരവാദിത്വമായി സ്വയം ഏറ്റെടുത്ത് നടത്തുന്ന നന്മയാണ്. എത്രയോ പാമ്പുകളുടെ ജീവന് രക്ഷിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് പാമ്പുഭീതി ഇല്ലാതാക്കി, അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ മണ്ണെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടിരുന്നെങ്കില് സംസ്ഥാനത്തെ ലക്ഷാധിപതികളില്‍ ഒന്നാം സ്ഥാനത്തു തന്നെ അദ്ദേഹം എത്തുമായിരുന്നു. മുന്‍ മന്ത്രി ഗണേഷ് അര്‍ത്ഥശങ്കയില്ലാത്തവിധം അത് വെളിപ്പെടുത്തുന്നുണ്ട്. സുരേഷിന്റെ ആത്മാര്‍ത്ഥതയ്ക്ക് ആദരം നല്കാന് ലക്ഷ്യമിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വനംവകുപ്പില്‍ സ്ഥിരം ജോലി വാഗ്ദാനം ചെയ്തപ്പോള്‍ നന്ദിപൂര്‍വം അദ്ദേഹം അത് നിരസിക്കുകയായിരുന്നുവത്രെ! പാമ്പുപിടിത്തം സുരേഷിന് പാഷനാണ്, ഫാഷനല്ല എന്നു ചുരുക്കം.
ഇവിടെ സാമൂഹിക ഉത്തരവാദിത്വം പരപ്രേരണ കൂടാതെ ഏറ്റെടുത്ത ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ഒട്ടുവളരെപേര്‍ തയ്യാറായത് എന്ന ദുഃഖസത്യം അറിയണം. ആ ജീവന് വിലപ്പെട്ടതാണെന്നും അതിനുവേണ്ടി തങ്ങളാല്‍ കഴിയുന്നത് ചെയ്യണമെന്നുമുള്ള മാനവികതയ്ക്കു പകരം രാക്ഷസീയതയുടെ രൗദ്രഗ്വാഗ്വാ വിളികളായിരുന്നു. മലയാളത്തിന് അഭിമാനമാണോ അത്?
മറ്റൊന്ന് ബാബുവെന്ന ചെറുപ്പക്കാരന് മലകയറ്റത്തിനിടെ പാറക്കെട്ടിലെ പൊത്തില്പ്പെട്ടു പോയതാണ്. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റും രക്ഷാദൗത്യ സംഘങ്ങള്‍ മരവിച്ചു നില്‍ക്കെ അഭിമാന ഭാജനങ്ങളായ കരസേനാംഗങ്ങള്‍ ത്യാഗനിര്‍ഭരമായ പ്രവൃത്തിയിലൂടെ ഒരുടവും തട്ടാതെ ആ ജീവന് കൈക്കുടന്നയിലെടുത്തു. അധികകാലം മുമ്പല്ല ജനറല്‍ ബിപിന്‍ റാവത്തും പ്രിയ പത്നിയും സഹപ്രവര്‍ത്തകരും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ നമ്മെ വിട്ടു പിരിഞ്ഞത്. അന്ന് സ്മൈലിയിട്ടും അര്‍മാദിച്ചും ആനന്ദിച്ചവര്‍ അറിയണം, അതേ ഗണത്തില്‍പ്പെട്ടവരുടെ ഊഷ്മള കരങ്ങളാണ് ബാബുവിനെ നെഞ്ചോട് ചേര്‍ത്തതെന്ന്! വീരജവാന്മാര്ക്ക് ഭാരതമക്കളേയുള്ളൂ.അതില്‍ ഭിന്ന സംസ്കാരമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ ജീവിതത്തിന്റെ ഹരിതാഭയിലേക്ക് ബാബുവിനെ കോരിയെടുത്തവര്‍ക്ക് സല്യൂട്ട് കൊടുത്തില്ലെങ്കിലും ഒരിക്കലും അപമാനിക്കാന്‍ മുതിരരുത്.
സാമൂഹിക ഉത്തരവാദിത്വത്തിന്റെ പ്രദര്‍ശന വേളയില്‍ അപകടത്തിലകപ്പെട്ട വാവ സുരേഷും മലകയറ്റമെന്ന വൈയക്തിക സാഹസവേളയില് അപകടത്തിലായ ബാബുവും തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്. ജീവന് പക്ഷേ, രണ്ടു പേര്‍ക്കും ഒന്നു തന്നെ. ബാബു എന്തിന് മല കയറാന്‍ പോയി? ആരൊക്കെ കൂടെയുണ്ടായിരുന്നു?എന്തായിരുന്നു ലക്ഷ്യം?ഇത്ര അപകടം പിടിച്ച ചെങ്കുത്തായ പാറക്കെട്ടില്‍ അത്ര വലിയ പരിക്കില്ലാത്ത വിധത്തില്‍ പൊത്തില്‍ എങ്ങനെ എത്താന്‍ കഴിഞ്ഞു? എന്നിങ്ങനെ ഉത്തരം കിട്ടാനുള്ള ചോദ്യങ്ങള്‍ അനവധിയാണ്. ‘ചോദ്യങ്ങളില്ലായിരുന്നെങ്കിലില്ലുത്തരങ്ങളും’ എന്നല്ലേ കവി വാക്യം. സഹതാപ തരംഗത്തില്‍ പെട്ട് ഒരുപക്ഷേ, എല്ലാം മറവിയുടെ മാറാപ്പിലേക്ക് എടുത്തിടാനും സാധ്യതയേറെ. പല തരത്തിലുള്ള പരിശീലനങ്ങള്‍ തീവ്ര ആശയമുള്ള സംഘടനകള്‍ ദുര്‍ഘടമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുന്നുണ്ടെന്നും ഒട്ടേറെ ദുരൂഹതകള്‍ അതുമായി ബന്ധപ്പെട്ടുണ്ടെന്നും ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പലതും വെള്ളം തൊടാതെ വിഴുങ്ങാന്‍ പറ്റുന്നതല്ല. രഹസ്യാന്വേഷണ വിഭാഗം പണ്ടു തന്നെ കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. വനം വകുപ്പ് കേസ് എടുക്കുമെന്നും കേള്‍ക്കുന്നു.(സഹതാപമാവാം, കേസ് മരവിപ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശുപാര്ശിച്ചിട്ടുണ്ട്)എന്തായാലും അതൊക്കെ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത് നന്ന്. സൈനികരെ അപമാനിച്ചവരും അവര്‍ക്കെതിരെ സാമൂഹികമാധ്യമം മറയാക്കി’മനോ യുദ്ധം’ചെയ്തവരും തല്ക്കാലം അസ്തപ്രജ്ഞരായി എന്ന ഗുണാത്മക സന്ദേശം ഇതുവഴി ഉണ്ടായി.’ഓരോ ദുരന്തവും യഥാര്‍ത്ഥ മനുഷ്യനെ കാണിച്ചു തരും’ എന്ന് വിവേകാനന്ദന് പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കാം. ദുരന്തമില്ലാതെ തന്നെ നല്ല മനുഷ്യരായി കഴിയാന്‍ മനസ്സ് പാകപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: