കോഴിക്കോട് : ഹരിത വിഷയത്തില്‍ പരാതിക്കാര്‍ക്കൊപ്പം നിന്നതിന് പുറത്താക്കപ്പെട്ട മുന്‍ എംഎസ്എഫ് പ്രസിഡന്റ് കോടതി ഉത്തരവുമായി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എത്തിയിട്ടും അകത്തേയ്ക്ക് കയറ്റിയില്ല. പി.പി. ഷൈജലാണ് സംഘടനയില്‍ നിന്നുള്ള പുറത്താക്കലിനെതിരെ കോടതിയെ സമീപിച്ച് ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ ഇതുമായി ഇന്ന് കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് ഇത് തടയുകയായിരുന്നു.
യോഗം നടക്കുന്ന മുറിയിലേക്ക് ഷൈജലിനെ കയറ്റാതെ അകത്തു നിന്നും പൂട്ടി. ഇതോടെ സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വാതിലിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഷൈജല്‍ എംഎസ്എഫ് നേതാക്കളുടെ നടപടി കോടതിയലക്ഷ്യമാണെന്നും പ്രതികരിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി പിഎംഎ സലാം, സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവരടങ്ങിയ മൂവര്‍ സംഘം സംഘടനയെ തകര്ക്കുകയായെന്നും ഷൈജല്‍ പറഞ്ഞു. എംഎസ് എഫിലെ അംഗങ്ങളുടെ പിന്തുണ തനിക്കാണ്. കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ സംഘടനയെ കൊല്ലുകയാണ്. പെണ്‍കുട്ടികളെ ആക്ഷേപിച്ചതിന്റെ പേരിലും തട്ടിപ്പ് നടത്തിയതിന്റെ പേരിലുമെല്ലാം കോടതിയിലും ജയിലിലും കയറിയിറങ്ങുന്നവരായി എംഎസ്എഫ് നേതൃത്വം മാറിയെന്നും ഷൈജല്‍ ആരോപിച്ചു.
അതേസമയം അച്ചടക്ക ലംഘനം കണ്ടെത്തിയാണ് ഷൈജലിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഇത് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധിയുടെ പകര്‍പ്പ് സംഘടനാ ഭാരവാഹികള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല. ഷൈജലിനെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് എംഎസ്എഫിന്റേയും മുസ്ലിം ലീഗ് നേതാക്കളുടെയും നിലപാട്.
ഹരിത വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതും ലീഗ് നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചതുമാണ് ഷൈജലിനെതിരായ നടപടിക്ക് കാരണം. വയനാട് ജില്ലാ നേതാക്കള്‍ക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണം നേരത്തെ ഷൈജല്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ ഷൈജലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. ഇത് പരിഗണിച്ച് പ്രാഥമികാംഗത്വത്തില്‍ നിന്നും റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: