തൃശ്ശൂര്‍: ജില്ലയിലെ എന്‍ടിസി മില്ലുകളായ പുല്ലഴിയിലെ കേരള ലക്ഷ്മിയും ആമ്പല്ലൂരിലെ അളഗപ്പ ടെക്സ്റ്റൈലും തുറക്കാത്തതിനാല്‍ തൊഴിലാളികള്‍ ദുരിതത്തില്‍. 23 മാസമായി മില്ലുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് നാഷണല്‍ ടെക്സ്റ്റൈല്‍ കോര്പ്പറേഷന് മാനേജ്മെന്റിന് കീഴിലുള്ള കേരള ലക്ഷ്മി മില്ലും അളഗപ്പ ടെക്സ്റ്റൈലും അടച്ചിട്ടത്.
മില്ലുകള്‍ക്ക് താഴ് വീണിട്ട് മാര്‍ച്ചില്‍ രണ്ട് വര്‍ഷം തികയും. കൊവിഡ് ഒന്നാം ഘട്ട ലോക്ഡൗണിന്റെ സമയത്ത് തന്നെ മില്ലുകള്‍ അടച്ചുപൂട്ടിയിരുന്നു. 2020 മാര്‍ച്ച് മുതല്‍ എന്‍ടിസിയുടെ 23 മില്ലുകള്‍ പൂട്ടിയിരുന്നു. ഇതില്‍ അളഗപ്പയും ലക്ഷ്മിയും ഉള്‍പ്പെടെ നാലെണ്ണം കേരളത്തിലാണ്. തിരുവനന്തപുരം പൂജപ്പുര വിജയമോഹിനി മില്‍സ്, കണ്ണൂര്‍ കക്കാട് കാനണ്ണൂര് സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് എന്നിവയാണ് മറ്റു മില്ലുകള്‍. ഇതില്‍ ലക്ഷ്മിയും അളഗപ്പയും പൂട്ടിയിട്ട് രണ്ടുവര്‍ഷമാകുമ്പോള്‍ വിജയമോഹിനിയും കണ്ണൂരിലെ മില്ലും ഇടക്കാലത്ത് തുറന്നെങ്കിലും വീണ്ടും ലേ ഓഫിലായി. ലോക്ഡൗണ്‍ തീര്‍ന്ന് പഴയപടിയിലായപ്പോഴും എന്‍ടിസി മില്ലുകള്‍ മാത്രം തുറന്നിട്ടില്ല.
മില്ലുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷത്തിനിടെ തൊഴിലാളികളില്‍ നിരവധിതവണ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. നിരന്തര സമരങ്ങള്‍ക്കും തുടര്‍ചര്‍ച്ചകള്‍ക്കും ശേഷം ഉടനെ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മില്ലുകള്‍ ഇപ്പോഴും പൂട്ടി കിടക്കുകയാണ്. തൊഴിലാളികള്‍ക്ക് ശമ്പളം തന്നെ മുഴുവന്‍ നല്‍കിയിട്ടില്ല. മറ്റു ബോണസുകളും തടഞ്ഞുവച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് പകുതി ശമ്പളമാണ് സ്ഥിരം ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നല്‍കിയത്. കമ്പനി പ്രവര്‍ത്തിക്കാത്തതിനാല്‍ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അതിനാല്‍ അടച്ചുപൂട്ടലിനു മുന്‍പ് ലഭിച്ചിരുന്നതിന്റെ കാല്‍ഭാഗം ശമ്പളമേ ഫലത്തില്‍ ഇപ്പോള്‍ ലഭിക്കുന്നുള്ളൂവെന്ന് തൊഴിലാളികള്‍ പറയുന്നു. ഇപ്പോള്‍ മാസങ്ങളായി പകുതി ശമ്പളവും മാനേജ്മെന്റ് നല്‍കിയിട്ടില്ല.
കാലതാമസം കൂടാതെ മില്ലുകള്‍ തുറന്ന് ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ കൊടുത്തു തീര്‍ക്കണമെന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ ആവശ്യം. മില്ലുകള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചില്ലെങ്കില്‍ യന്ത്രങ്ങളുടെ തുടര്‍പ്രവര്‍ത്തനം സാധ്യമാകാതെ വരാന്‍ സാധ്യതയുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ലക്ഷ്മി മില്ലില്‍ 271 സ്ഥിരം തൊഴിലാളികളും 168 ദിവസവേതനക്കാരും 50 ഓഫീസ് ജീവനക്കാരുമടക്കം മൊത്തം 489 തൊഴിലാളികളുണ്ട്. അളഗപ്പ മില്ലില്‍ 287സ്ഥിരം തൊഴിലാളികളും 197 ദിവസ വേതനക്കാരും 52 ഓഫീസ് ജീവനക്കാരുമടക്കം മൊത്തം 536 തൊഴിലാളികളാണുള്ളത്. തൊഴിലാളികളില്‍ പകുതിയോളം പേര് സ്ത്രീകളാണ്. അനുബന്ധ തൊഴിലാളികള്‍ ഇതിലേറെ വരും.
1025 തൊഴിലാളികളുടെ ആശ്രയമായിരുന്ന മില്ലുകള്‍ പൂട്ടികിടക്കുന്നതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്. സമ്പൂര്‍ണ ലോക്ഡൗണിന് ശേഷം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഫാക്ടറികളും പൊതുമേഖലാ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടും എന്‍ടിസിക്ക് കീഴിലുള്ള മില്ലുകള്‍ അടഞ്ഞു കിടക്കുന്നത് കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി സംയുക്ത ട്രേഡ് യൂണിയന് ഭാരവാഹികള്‍ പറയുന്നു. ലക്ഷ്മി മില്ലില്ലെയും അളഗപ്പയിലെയും നൂല് വില്‍ക്കുന്നത് എന്‍ടിസി നേരിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: