ചങ്ങനാശേരി ഈസ്റ്റ്: കടുത്ത വേനല്‍ചൂടില്‍ കുറിച്ചി മന്ദിരം കവലയ്ക്ക് സമീപമുളള മുട്ടത്തുകടവ് കാരിക്കുഴി പാടശേഖരത്തെ കൃഷിക്കാരാണ് നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ ആശങ്കയിലായത്.
പാടശേഖരത്തിനു സമീപത്തുകൂടി കടന്നുപോകുന്ന തോട്ടില്‍ വേണ്ടത്ര വെള്ളം എത്താത്തതാണ് പ്രതിസന്ധിക്കു കാരണം. പ്രധാന തോട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മുട്ടത്തുകടവ് ഭാഗത്തുകൂടി കടന്നുപോകുന്ന തോട്. ഇതില്‍ ചെളിയും മണ്ണും അടിഞ്ഞതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. കഴിഞ്ഞമാസം അവസാനമാണ് പാടശേഖരത്ത് കൃഷി ആരംഭിച്ചത്.
ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ കൊയ്യാനാകും എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. എന്നാല്‍ വേനല്‍ അതിരൂക്ഷമാകുന്നതിനാല്‍ കൊയ്ത്തുവരെ വെള്ളത്തിന്റെ ലഭ്യതയുണ്ടാകുമോ എന്നുള്ള ഭയത്തിലാണ് ഇവര്‍. തോട്ടിലെ ചെളി നീക്കി ആഴം കൂട്ടി പ്രധാന തോട്ടില്‍ നിന്ന് വെള്ളം എത്തിക്കുക എന്നതാണ് പ്രശ്നത്തിനുള്ള ഏക പരിഹാരം.
തോടിന് ആഴം കൂട്ടുമ്പോള്‍ പുറം ബണ്ടിന്റെ ബലക്ഷയം ഉണ്ടായോക്കാം. ഇത് കാരണം ബണ്ട് ഇടിയാനുള്ള സാധ്യതയുണ്ട്. ബണ്ട് ബലപ്പെടുത്തുന്നതിനും തോടിന്റെ ആഴം കൂട്ടുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ആവശ്യം. ഇതിന് കൃഷി വകുപ്പില്‍ നിന്ന് പ്രത്യേക പദ്ധതി തയ്യാറക്കണം. ഒപ്പം അത് നടപ്പിലാക്കാന്‍ കൂടുതല്‍ പണം ആവശ്യമാണ്.
മുമ്പ് പുറം ബണ്ട് ബലപ്പെടുത്തുന്നതിനും ബണ്ട് റോഡ് നിര്‍മിക്കുന്നതിനും തോടിന്റെ ആഴം കൂട്ടുന്നതിനുമായി രണ്ടുകോടിയോളം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ജോലി ഏറ്റെടുക്കാന്‍ കരാറുകാരന് ഇല്ലാതെ വന്നതോടെ ആ തുകയും നഷ്ടമായതായി കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: