നിലമ്പൂര്‍ : കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും. ഓംബുഡ്സ്്മാന്റെ ഉത്തരവിനെ തുടര്‍ന്ന് ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍. അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കാന്‍ നേരെത്തെ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.
2015-16 കാലയളവിലാണ് കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ തടയണകള്‍ നിര്‍മിച്ചത്. അനുമതിയില്ലാതെയാണ് നടപടികളെന്ന പ്രദേശവാസികളുടെ പരാതിയിന്മേലാണ് നടപടി. റസ്റ്റോറന്റിനായുള്ള അനുമതിയുടെ മറവില്‍ നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ച് മാറ്റി നവംബര്‍ 30ന് റിപ്പോര്‍ട്ട് നല്കാന് ഓംബുഡ്സ്മാന് നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ അത് നടപ്പാകുന്നത് നീണ്ടു പോവുകയായിരുന്നു.
തുടര്‍ന്ന് റോപ് വേ പൊളിച്ച് മാറ്റാനുള്ള ഉത്തരവ് നടപ്പിലാക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്സ്മാന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന് മുന്നറിയിപ്പ് നല്കി. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കി ജനുവരി 25ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ വീണ്ടും നടപടികള്‍ വൈകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: