ഡോ. പി.പി. സൗഹൃദന്‍
നമ്മുടെ സഹസ്രനാമങ്ങളിലെല്ലാം ഒരേ നാമങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നു തോന്നാം. എന്നാല്‍ അത് വ്യത്യസ്താര്‍ഥങ്ങളിലാണ്. ഉദാ: വിഷ്ണുസഹസ്രനാമത്തില്‍ വസുപ്രദായ നമഃ (693) എന്നത് വീണ്ടും 694 ലും ആവര്‍ത്തിക്കുന്നു. ഒരിടത്ത് ‘വസു’ ശബ്ദത്തിന് ‘ധനം’ എന്നും അടുത്തുവരുന്ന ‘വസു’ ശബ്ദത്തിന് മോക്ഷം’ എന്നും ആണ് അര്‍ഥം.
എന്നാല്‍ ലളിതാസഹസ്രനാമത്തില്‍ അത്തരം ആവര്‍ത്തനങ്ങള്‍ തീരെയില്ല എന്നുതന്നെ പറയാം. ഒരേ രൂപസാമ്യമുള്ള നാമങ്ങള്‍ ഉണ്ടെങ്കിലും, ഭാരതീയ പൈതൃകത്തിലെ സ്‌തോത്രങ്ങള്‍, നാമാവലികള്‍ ഇവയുടെ ആലാപനത്തിലൂടെ ഭക്തര്‍ക്കു ലഭിക്കേണ്ടുന്ന മുഖ്യഗുണം സര്‍വ ഭൂതഹിതൈഷിത്വമാണ്.
പ്രകൃതിമാതാവിനെ, ശ്രീപരമേശ്വരിയെ, ലളിതാദേവിയെ ശ്രേഷ്ഠയും ആത്യന്തികമായ അമ്മയായും കാണുന്നു ഭക്തജനം.
‘ആപദി കിം കരണീയം?
സ്മരണീയം ചരണയുഗളമംബായാഃ
തത് സ്മരണം കിം കുരുതേ?
ബ്രഹ്മാദീനപി കിങ്കരീകുരുതേഃ
ആപത്തിലെന്തു ചെയ്യണം? അമ്മയുടെ, ജഗദംബയുടെ, പെറ്റമ്മയുടേതുമാകാം പാദപദ്മങ്ങളെ സ്മരിക്കുക. ആ സ്മരണയുടെ ഫലമോ? ബ്രഹ്മാദി ദേവന്മാരെപ്പോലും ഭക്തന്റെ സേവകരാക്കി മാറ്റുന്നു. കൈവല്യം (മോക്ഷപദവി) തരാന്‍ കെല്പുള്ള ദേവിയെ കൈവല്യപദദായിനൈ്യ നമഃ (625) എന്ന് സദാ സ്മരിക്കുക.
ഹയഗ്രീവമഹര്‍ഷി (വിഷ്ണുവിന്റെ അവതാരം), അഗസ്ത്യമുനിക്ക് ഉപദേശിച്ചുകൊടുത്തതാണ് ലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ഈ നാമസഹസ്രം, വശിനി തുടങ്ങിയ വാഗ്‌ദേവതമാര്‍ രചിച്ചതാണ് എന്നു വിശ്വസിക്കപ്പെടുന്നു.
വൈഷ്ണവോത്തമനായ അര്‍ധനാരീശ്വരന്‍ പരമശിവന്‍ പാര്‍വതിക്ക് ഉപദേശിച്ചതാണ് ഏറ്റവും നിഗൂഢമായ രാധാസഹസ്രനാമം. ശിവഭഗവാന്‍ പാര്‍വതിയോട് അതിന്റെ ഫലശ്രുതിയായി പറയുന്നു ”രാധാനാമ സഹസ്രസ്യ സമാനം നാസ്തി ഭൂതലേ…’ ഭൂമിയിലും സ്വര്‍ഗത്തിലും രാധാനാമസഹസ്രത്തിനു തുല്യമായി ഒന്നുമില്ല. അശ്വമേധയാഗം നടത്തുന്നതിനേക്കാള്‍ മഹാപുണ്യമാണ് അതിന്റെ പാരായണം. സഹസ്രയുഗപര്യന്തം വൈകുണ്ഠവാസവും ശേഷം ബ്രഹ്മസായൂജ്യവും ഫലം. ഇന്നു ലോകം മുഴുവന്‍ മുഴങ്ങുന്ന ഒരു സായിഭജന്‍ ഓര്‍മ്മയില്‍ വരുന്നു.
‘സായി മാതാ പിതാ ദീനബന്ധു സഖാ
തേരേ ചരണോം മേ സായി മേരാ കോടി പ്രണാമ്’
(സായീത്രയത്തിലെ ഷിര്‍ദി-സത്യ-പ്രേമസായി അവതാരങ്ങളേയും പലപ്പോഴും സ്ത്രീരൂപിണിയായാണ് സംബോധന ചെയ്യാറ്. പ്രേമസായി ഇനിയും അവതരിച്ചിട്ടില്ലെങ്കിലും).
‘കാളീഘട്ട്’ എന്ന പേര് ഇന്ത്യന്‍ ആധ്യാത്മികതയുടെ ഈറ്റില്ലത്തിന്റെ നാമമാണ്. ഇന്ത്യയില്‍ ആധ്യാത്മിക പരിവേഷമില്ലാതെ ഒരു കാര്യവും പരിപൂര്‍ണ വിജയത്തിലെത്തിക്കാന്‍ കഴിയില്ലെന്ന് രാഷ്‌ട്രപിതാവായ ബാപ്പുജി തിരിച്ചറിഞ്ഞിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: