ഇടുക്കി: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ നിര്‍മ്മാണം തുടരാനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച ഇന്ന്. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ചരടുവലിയുടെ ഭാഗമായി കളക്ടറുടെ ചേമ്പറിലാണ് ഇന്ന് വിഷയം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നത്. ഇതിനായി നിരവധി പ്രമുഖര്‍ക്ക് ക്ഷണവുമുണ്ട്.
കെഎസ്ഇബിയില്‍ നിന്ന് സഹ. ബാങ്കിന് ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി 18 ഏക്കര്‍ വരുന്ന സ്ഥലം പാട്ടത്തിന് കൈമാറിയിരുന്നു. പിന്നാലെ ഇത് സ്വകാര്യ വ്യക്തികള്‍ക്ക് ഉപകരാര്‍ നല്‍കി അതീവ സുരക്ഷാ മേഖലയില്‍ വന്‍കിട നിര്‍മാണങ്ങള്‍ ആരംഭിക്കുകയായിരുന്നു. പരിസ്ഥിതി ലോല മേഖലയായ മൂന്നാറിലെ ചതുപ്പ് നിലത്തിന്റെ ഗണത്തില്‍പ്പെട്ടതാണ് നിര്‍മാണം നടക്കുന്ന സ്ഥലം.
ഗുരുതരമായ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് മൂന്നാറിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിന്മേല്‍ ഹൈക്കോടതി ഇടപെടുന്നത്. നിര്‍മാണ നിരോധനമുള്ള മൂന്നാറില്‍ ഡാം സുരക്ഷപോലും അവഗണിച്ച് ടൂറിസത്തിന്റെ മറവില്‍ ആണ് ഈ നടപടികള്‍ നടത്തിയത്.
മൂന്നാര്‍ ടൗണില്‍ രാമസ്വാമി അയ്യങ്കാര്‍ ഹെഡ് വര്‍ക്ക്‌സ് ഡാമിന് സമീപമാണ് ഹൈഡല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇരുവശത്ത് കൂടിയും തോട് ഒഴുകുന്നതിനാല്‍ തുരുത്തിന്റെ രൂപമാണ് സ്ഥലത്തിനുള്ളത്. 2018ലെ പ്രളയത്തില്‍ പൂര്‍ണമായും മൂടപ്പെട്ട സ്ഥലം കൂടിയാണിത്. 2019ലും 2020ലും ഇവിടെ നാശങ്ങളുണ്ടായിരുന്നു.
എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെയാണ് തുച്ഛമായ തുകയ്‌ക്ക് മൂന്നാര്‍ സര്‍വീസ് സഹ. ബാങ്കിന് സ്ഥലം പാട്ടത്തിന് നല്‍കുന്നത്. പിന്നാലെ ഇവിടമാകെ ഇടിച്ച് നിരത്തി കണ്ടൈനറുകള്‍ സ്ഥലത്തെത്തിക്കുകയായിരുന്നു. പിന്നീട് നിര്‍മാണവും ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലം ഡാമിന് തന്നെ ഭീഷണിയായി മാറും. നിര്‍ദിഷ്ട പള്ളിവാസല്‍
പ്രോജക്ടിന്റെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ആരംഭിക്കുന്നതും ഇതിന് സമീപത്ത് നിന്നാണ്. ഇതെല്ലാം നിലനില്‍ക്കെയാണ് കളക്ടറെ സ്വാധീനിച്ച് പരാതിയില്ലാതാക്കാന്‍ ചില സിപിഎം നേതാക്കള്‍ നീക്കം നടത്തുന്നത്. പരാതി പിന്‍വലിപ്പിച്ച് മൂന്നാറിന്റെ വികസനത്തിന് ടൂറിസം വളരണമെന്നും അതിന് ആളുകളെ ആകര്‍ക്കുന്ന ഹൈഡല്‍ പാര്‍ക്ക് ആവശ്യമാണെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.
വീടു നിര്‍മാണത്തിനുപോലും കര്‍ശന നിയന്ത്രണമുള്ള മൂന്നാറില്‍ ആണ് ടൂറിസത്തിന്റെ മറവില്‍ സ്വകാര്യ സ്ഥാപനത്തിന് ലാഭമുണ്ടാക്കാനായി വാണിജ്യാടിസ്ഥാനത്തിലുള്ള വന്‍കിട കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാനുള്ള നീക്കം നടക്കുന്നത്. ജില്ലയില്‍ പലയിടത്തും ഡാമിന് സമീപത്ത് നിന്ന് ഏറെ മാറിയുള്ള പാവപ്പെട്ടവര്‍ക്കും പോലും പട്ടയം നല്‍കാത്തപ്പോഴാണ് ഈ വിരോധാഭാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: