എളുപ്പത്തില്‍ കാര്യം സാധിക്കാനാണ് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അതിന് വഴിവിട്ട ചില ‘ക്രിയകള്‍’ ചെയ്യാനും അവര്‍ തയ്യാര്‍. അങ്ങനെയാണ് അഴിമതി എന്ന ദുര്‍ഭൂതം സമൂഹത്തില്‍ ചുടലനൃത്തം നടത്തുന്നത്. അതോടെ ദുര്‍ഭൂതത്തെ ഉച്ചാടനം ചെയ്യാന്‍ വിവിധ താന്ത്രിക-മാന്ത്രിക പദ്ധതികള്‍ രൂപപ്പെടുന്നു. അതുവഴിയും കുറേ ദുര്ഭൂതങ്ങള് ഉദയം ചെയ്യുന്നു എന്നല്ലാതെ വേറെ മാറ്റമൊന്നും ഉണ്ടാവുന്നില്ല.
വിലക്കപ്പെട്ട കനി തിന്നാനുള്ള അദമ്യമായ ആഗ്രഹത്തെ ചൂഷണം ചെയ്താണ് ചെകുത്താന് രണ്ട് നല്ല മനസ്സുള്ളവരെ കുടുക്കിയത്. പ്രലോഭനമായി ആദ്യ കൈക്കൂലി അങ്ങനെ രൂപപ്പെട്ടു. അവിടുന്നങ്ങോട്ട് കൈക്കൂലിയുടെ മഹായാത്ര ആരംഭിക്കുകയും ചെയ്തു. എളുപ്പം കാര്യം സാധിക്കാനുള്ള വഴിയായി കൈക്കൂലി അരങ്ങ് വാഴുമ്പോള്‍ അതൊരു മോശം സംഗതിയായി ഒരുവിധപ്പെട്ടവരൊന്നും കാണുന്നില്ലെന്നതത്രേ ദുഃഖകരമായ വസ്തുത. ഒരുവേള അതൊരു മിടുക്കായിപ്പോലും വ്യാഖ്യാനിക്കപ്പെടുന്നു.
മഹാത്മാഗാന്ധി നല്കിയ സന്ദേശത്തിന് എന്നെന്നും സമൂഹത്തില്‍ ജീവത്തായ മൂല്യമുണ്ടാവണമെന്ന കാഴ്ചപ്പാടായിരിക്കാം ആ മഹാത്മാവിന്റെ പേരില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിക്കാന്‍ കാരണമായത്. മുന്നോട്ടുള്ള യാത്രയില്‍’ആരാണീ ഗാന്ധി’എന്ന ചോദ്യത്തിന് മറുപടി നല്കാന് പോന്ന യുവജനതയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട സ്ഥാപനം അപമാനഭാരത്താല്‍ തല കുനിക്കേണ്ട നിലയിലെത്തി നില്‍ക്കുകയാണ്. അര്‍ഹതപ്പെട്ട രേഖകള്‍ക്കു പോലും ആയിരങ്ങള്‍ കൈക്കൂലിയായി നല്‍കണമെന്നു വരുമ്പോള്‍ ഒരു മഹാത്യാഗധനന്റെ പേരില്‍ ഉയര്‍ത്തിയ സ്ഥാപനം എന്തു സന്ദേശമാണ് നല്‍കുന്നത്. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി ആ വ്യക്തിത്വത്തെ അവതരിപ്പിക്കുകയാണോ?
ഏറ്റവും താഴെക്കിടയിലേതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന തസ്തികയില്‍ പോലും നിയമിക്കപ്പെടാന്‍ അര്‍ഹതയില്ലാത്ത വനിത, ഗൗരവാവഹമായ ഒരു സ്ഥാനത്ത് എത്തിപ്പെടുകയും മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സ്ഥിതി എങ്ങനെയുണ്ടായി? പത്താംക്ലാസുപോലും പാസ്സാകാതെയാണ് രാഷ്ട്രീയത്തിന്റെ ബലിഷ്ഠഹസ്തം വഴി എല്‍സി എന്ന കോമ്രേഡ് സര്‍വകലാശാലയിലെ ഉയര്‍ന്ന തസ്തികയില്‍ എത്തിയത്. സഖാവായാല്‍ സകലതും പാര്‍ട്ടിമുതലാണെന്ന് സ്റ്റഡിക്ലാസില്‍ ഉരുവിട്ടു പഠിച്ചതിന്റെ കരുത്താണ് കൈമുതല്‍. ബാക്കിയുള്ള നിയമന നടപടികളും നിയമ നടപടികളും എല്ലാം അതിന്റെ പിന്നിലാണ്. ആര്‍ത്തി പൂണ്ട കോമ്രേഡിയന്‍ അലറിപ്പായല്‍ ഇപ്പോള്‍ ദൈവനാട്ടിലെ നടപ്പുരീതിയായി. ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം’ എന്ന അച്ഛസ്ഫടിക സമാന ജീവിതവുമായി സമൂഹത്തിന് ദിശാബോധമേകിയ മഹാപുരുഷന്റെ പേരുപോലും മലീമസമാക്കുന്ന പ്രവൃത്തിയാണ് വനിതാ ഉദ്യോഗസ്ഥയില്‍ നിന്നുണ്ടായത്. നേരാംവണ്ണം പരീക്ഷയെഴുതി വന്നവര്‍ക്കല്ലേ മാന്യതയും മഹത്വവുമുണ്ടാവൂ. പിടിക്കപ്പെട്ട് ജയിലിലേക്കു പോകുമ്പോള്‍ അലമുറയിട്ട ബന്ധുക്കളോട്’ഒന്നും പേടിക്കേണ്ട, ഞാനല്ലേ പറയുന്നത്;ഒരു പ്രശ്നവുമില്ല’ എന്നവര്‍ പറഞ്ഞതു മാത്രം കണക്കിലെടുത്താല്‍ മതി രാഷ്ട്രീയ ധാര്‍ഷ്ട്യത്തിന്റെയും പിടിപാടിന്റെയും ഉള്ളറ അറിയാന്‍. അര ലക്ഷത്തിലധികം മാസശമ്പളം പറ്റുന്ന ആ ഉദ്യോഗസ്ഥ എങ്ങനെയാണ് ഇത്രയും പ്രധാനപ്പെട്ട സ്ഥാനത്ത് എത്തിയതെന്ന് അറിയുമ്പോള്‍ ലജ്ജ കൊണ്ട് തല കുനിക്കേണ്ടിവരും.
മാര്‍ക്കുതട്ടിപ്പുമായി ബന്ധപ്പെട്ട ഒട്ടുവളരെ കേസുകള്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ ഉണ്ടായിട്ടുണ്ട്. ‘അറിഞ്ഞതില്‍ പാതി പറയാതെ പോയി, പറഞ്ഞതില്‍ പാതി പതിരായും പോയി ‘എന്ന കവിവാക്യം പോലെയാണ് കാര്യങ്ങള്‍. സര്‍വ്വകലാശാലകളില്‍ നടമാടുന്ന ഹിമാലയന്‍ പ്രശ്നങ്ങളില്‍ പാതിയും അറിയുന്നില്ല. അറിഞ്ഞതില്‍ തന്നെ പാതിയും വ്യക്തവുമല്ല. നാടിന്റെ ഭാവി ഭാസുരമാക്കേണ്ട നവയൗവനങ്ങളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും കൊടുക്കേണ്ടവര്‍ മാനസികമായും ഭൗതികമായും അവരെ നീചവഴികളിലേക്ക് തള്ളിവിടുകയാണ്. അര്‍ഹതപ്പെട്ട കാര്യങ്ങള്‍ക്കു പോലും കൈമടക്കു നല്കി നടത്തിയെടുക്കുന്ന സാഹചര്യമുണ്ടാക്കുന്നു. ഇതിനൊക്കെ രാഷ്ട്രീയ-ഭരണകൂട മാഫിയ അരുനില്‍ക്കുന്നതാണ് പ്രശ്നം. എന്തു സംഭവിച്ചാലും രക്ഷപ്പെടുത്താന്‍ നെറികെട്ട സംവിധാനമുള്ളപ്പോള്‍ ആരെ പേടിക്കാനാണ്? വേലുത്തമ്പി ദളവയുടെ ഭരണചാതുര്യത്തെ അപഹസിക്കുന്ന സ്ഥിതിവിശേഷം വരുന്നത് അത്തരമൊരു ഭരണക്രമത്തില്‍ സ്വന്തം നേട്ടത്തിനായി ഒന്നും ഉപയോഗിക്കാന്‍ പറ്റില്ലെന്നതിനാലാണ്. ദൈവത്തിന്റെ നാട് എന്ന് ഇടയ്ക്കിടെ പറഞ്ഞ് അഭിമാനം കൊള്ളുന്നവര്‍ സകല സ്ഥലത്തും നൂണ്ടുകയറിയ പിശാചിന്റെ സാന്നിധ്യത്തെ കാണാതെ പോവുകയാണ്. അതുകൊണ്ടാണ് സേവന മേഖലകള്‍ പോലും ശരികേടിന്റെ മാലിന്യ കേന്ദ്രങ്ങളാവുന്നത്.
ചെറിയ കൈക്കൂലിയും ഇടത്തരം അഴിമതിയും ആയി പ്രാദേശിക നേതൃത്വം കഴിഞ്ഞുകൂടുമ്പോള്‍ കെ റെയിലും അതുമായി ബന്ധപ്പെട്ട വെള്ളാനപ്പടയുമായി ഉന്നത നേതൃത്വം വിലസുന്ന ഗ്രഹണകാലമാണ്. ആവുന്നത്ര സമ്പാദിക്കാനുള്ള നീച സംവിധാനത്തെയാണ് ഭരണമെന്ന മധുരപ്പേരില്‍ വിളിക്കുന്നത്. ഇതിന് അറുതിവരുത്താനുള്ള ശ്രമങ്ങള്‍ക്ക് കഴിവതും വേഗം തുടക്കമിട്ടില്ലെങ്കില്‍ ഒരിക്കലും അതിന് കഴിയില്ലെന്ന് മനസിലാക്കണം. പ്രവര്‍ത്തനനിരതമായ മാനസികാവസ്ഥയോടെ മുന്നേറണം. വികസനമാണ് റോക്കറ്റ് വേഗതയാര്‍ജിക്കേണ്ടത്; മറിച്ച് അഴിമതിയും അതിന്റെ കൂട്ടുസേനയുമല്ല. അമൃതോത്സവത്തിലേക്കുള്ള യാത്രയ്ക്കു ഗതി വേഗമുണ്ടാവാന്‍ അഴിമതിയെ തച്ചുടയ്ക്കണമെന്ന് പ്രധാന കാവല്ക്കാരന് പറഞ്ഞതും അതുകൊണ്ടു തന്നെയാണ്.
*നേര്‍മുറി*
സില്‍വര്‍ ലൈനും ലോകായുക്ത ഭേദഗതിക്കും സിപിഐ വെട്ട് – വാര്‍ത്തപിടിച്ചുഞാനവനെന്നെക്കെട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: