ന്യൂദല്‍ഹി: വായനയും പുസ്തകങ്ങളുമായിരുന്നു ബിജെപി നേതാവും ലോക്സഭാ സ്പീക്കറുമായിരുന്ന സുമിത്ര മഹാജന്റെ ഇഷ്ടലോകം. രാഷ്ട്രീയത്തിലേക്കും ചരിത്രത്തിലേക്കും ആത്മീയതയിലേക്കും വാതില്‍ തുറക്കുന്ന വലിയൊരു പുസ്തകഖനിയുണ്ട് അവരുടെ സ്വകാര്യലൈബ്രറിയില്‍.
ഇപ്പോള്‍ അവരുടെ പുസ്തകങ്ങളുടെ അക്ഷയഖനി പൊതുജനങ്ങള്‍ക്കായി തുറന്നിടുകയാണ്. ഇനി പുസ്തകപ്രേമികള്‍ക്ക് ഇവിടെയെത്തി സൗജന്യമായി അറിവുനേടാം. വര്‍ഷങ്ങളായി അവര്‍ ശേഖരിച്ച പുസ്തകങ്ങള്‍ അവരുടെ വീടിനോട് ചേര്‍ന്ന് എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഇന്ദോറിലെ മനിഷ്പുരിയിലെ വീടിനോട് ചേര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള ഈ സൗജന്യ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ഇവിടെ ദിവസവും നാല് മുതല്‍ ആറ് വരെ ആര്‍ക്കും പ്രവേശനമുണ്ട്. പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുസ്തകങ്ങള്‍ കടമായെടുക്കാം.
എട്ടുതവണ എംപിയായിരുന്ന, പത്മഭൂഷണ്‍ നേടിയ സുമിത്ര മഹാജന് തന്റെ പുതുസംരംഭം സാഹിത്യത്തിലും രാഷ്ടീയത്തിലും കൂടുതല്‍ അറിവ് തേടാനെത്തുന്നവര്ക്ക് അനുഗ്രഹമാകും. 1989 മുതല്‍ 2019 വരെ മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്നുള്ള എംപിയായിരുന്നു സുമിത്ര മഹാജന്. 2019ല്‍ അവര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിരിഞ്ഞു.
എങ്ങിനെയാണ് സുമിത്ര മഹാജന് ഇത്രയ്ക്കധികം പുസ്തകങ്ങള്‍ ലഭിച്ചത്? ‘വായനയിലുള്ള എന്റെ താല്പര്യം അറിഞ്ഞ് കൂട്ടുകാരും ബന്ധുക്കളും എനിക്ക് സമ്മാനമായി പുസ്തകങ്ങള്‍ നല്കാന് തുടങ്ങി. പ്രാസംഗിക എന്ന നിലയില്‍ പുസ്തകങ്ങള്‍ വാങ്ങലും കടം കൊടുക്കലും തുടര്‍ന്നു. വര്‍ഷങ്ങള്‍കൊണ്ട് എന്റെ സ്വകാര്യ പുസ്തകശേഖരം ഒരു ലൈബ്രറിയായി വളര്‍ന്നു,’- സുമിത്ര മഹാജന് പറയുന്നു. ആത്മീയത, നോവല്‍, രാഷ്ട്രീയ ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ ഇവരുടെ ശേഖരത്തിലുണ്ട്.
സുമിത്ര മഹാജന് തനിക്ക് വഴികാട്ടിയായി കണക്കാക്കുന്ന 18ാം നൂറ്റാണ്ടിലെ മാല്‍വയിലെ രാഞ്ജിയായ അഹില്യാബായി ഹോല്കറെ കുറിച്ച് ‘മാതോശ്രീ’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ലോക്സഭാ സ്പീക്കര്‍ എന്ന നിലയില്‍ പലപ്പോഴും എംപിമാരോട് അസംബ്ലി ലൈബ്രറി സന്ദര്‍ശിക്കാനും പുസ്തകവായന ഒരു ശീലമാക്കാനും സുമിത്ര മഹാജന് നിര്‍ബന്ധിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: