വടക്കാഞ്ചേരി: കോഴിമുട്ടകൾ എന്ന് പറഞ്ഞാൽ സൂരജ് കുമാർ എന്ന യുവാവിന് ജീവനാണ്. ഓംലെറ്റൊ, ബുൾസ് ഐയോ ഉണ്ടാക്കി കഴിക്കാനല്ല ഈ വ്യഗ്രത. കോഴിമുട്ടയിൽ ചെറിയ സുഷിരമിട്ട് തോടിനകത്ത് മനോഹര ചിത്രങ്ങൾ വരച്ച് വിസ്മയിപ്പിക്കാനാണ് സൂരജ് കോഴിമുട്ടകൾ ഉപയോഗിക്കുന്നത്.
വടക്കാഞ്ചേരി ചൂൽപ്പുറത്ത് വീട്ടിൽ സൂരജ് കുമാറാണ് (33) ഈ വേറിട്ട കലാകാരൻ. 15 വർഷമായി കോഴിമുട്ട തോടിനകത്ത് ചിത്രരചന തുടങ്ങിയിട്ട്. ഇതു വരെ എഴുപത്തിയഞ്ചിലധികം മുട്ട ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് സൂരജ്. വളരെയധികം ശ്രദ്ധയും ക്ഷമയും വേണ്ടതാണ് മുട്ടത്തോടിനകത്തെ മൈക്രോ പെയിന്റിങ്ങിന്. നൂറ്റി ഇരുപത്തിയഞ്ചിലധികം ചിത്രങ്ങൾ നിർമ്മാണ സമയത്ത് നാശമായി പോയിട്ടുണ്ട്.
കോഴിമുട്ടക്കകത്ത് മാത്രമാണ് സൂരജ് ചിത്രം വരക്കാറുള്ളത്. ഇതിനായി മുട്ടയിൽ വളരെ ചെറിയ ദ്വാരമിട്ട് സൂചിയില്ലാത്ത സിറിഞ്ച് കൊണ്ട് ഉള്ളിലുള്ളത് വലിച്ചെടുക്കും. കോഴിമുട്ട കുലുക്കി മഞ്ഞക്കരു ലയിപ്പിച്ച് അതും കൂടി പുറത്തെടുക്കും. വീണ്ടും ഉള്ളിൽ വെള്ളം എത്തിച്ച് ക്ലിൻ ചെയ്ത് നന്നായി ഉണക്കിയെടുക്കും. ഈർക്കിലിന്റെ അറ്റം കൂർപ്പിച്ച് ബ്രഷാക്കി മാറ്റി അക്രലിക് കളറുകൾ ഉപയോഗിച്ചാണ് ചിത്രം വരക്കുന്നത്. ഈർക്കിൽ കടന്നു പോകുന്ന ദ്വാരത്തിനിടയിലൂടെയുള്ള ചെറിയ ഭാഗത്തുകൂടെ വേണം ഉൾഭാഗത്ത് നോക്കി വരക്കാൻ . കുത്തുകൾ ഇട്ട് വരച്ച് പൂർത്തിയാക്കുന്ന രീതിയാണ് സൂരജിന്റേത്. എട്ടു മണിക്കൂറോളം ഒറ്റയിരുപ്പിലാണ് ഓരോ ചിത്രവും പൂർത്തിയാക്കുന്നത്.
അമിതാഭ് ബച്ചൻ, മോഹൻലാൽ, മമ്മൂട്ടി, ജയസൂര്യ തുടങ്ങി കേരളം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളും മുട്ടത്തോടിനകത്ത് രൂപം കൊണ്ടിട്ടുണ്ട്. 14 മുട്ടക്കകത്തായി വരച്ചിരിക്കുന്ന യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളും ശ്രദ്ധേയമാണ്. ഒരാഴ്‌ച്ചയോളം ശമിച്ച് പൂർത്തിയാക്കിയ ഗായകൻ യേശുദാസിന്റെ ചിത്രമാണ് ഏറ്റവും സമയമെടുത്ത് വരച്ച ചിത്രം. സ്റ്റീൽ റിങ്ങ് കെട്ടി ചരടിൽ കെട്ടിതൂക്കിയാണ് ഇവ പ്രദർശനങ്ങൾക്ക് വക്കുന്നത്.
യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ പുരസ്കാരവും, അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡും സൂരജ് കരസ്ഥമാക്കിയിട്ടുണ്ട്. 200 മീറ്റർ വീതിയിലും നീളത്തിലുമുള്ള കാൻവാസിൽ ഒറ്റ മുഖം വരക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാ കലാ സംവിധാന സഹായി കൂടിയായ സൂരജ്. അമ്മ സുമിത്രയും സഹോദരന്മാരുമാണ് സൂരജിന്റെ കലാവാസനകൾക്ക് പ്രചോദനമേകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: