ന്യൂദല്‍ഹി: ജനാധിപത്യത്തെ 1975ല്‍ ചവിട്ടിത്താഴ്ത്തിയവരില്‍ നിന്ന് നാം ഒരിക്കലും ജനാധിപത്യത്തിന്റെ പാഠം പഠിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി വംശ പിന്തുടര്ച്ചാ പാര്‍ട്ടികളാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒരു കുടുംബം അതിപ്രബലമാകുമ്പോള് രാഷ്ട്രീയ പ്രതിഭകള്‍ കഷ്ടപ്പെടുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള രാജ്യസഭയിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്കു മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
‘ കോണ്‍ഗ്രസ് ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ‘ ചില അംഗങ്ങള്‍ ചോദിച്ചു. ‘കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ അടിയന്തരാവസ്ഥ ഉണ്ടാകില്ലായിരുന്നു, ജാതി രാഷ്ട്രീയം ഉണ്ടാകില്ലായിരുന്നു, സിഖുകാരെ ഒരിക്കലും കൂട്ടക്കൊല ചെയ്യില്ലായിരുന്നു, കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.
ദേശീയ പുരോഗതിയും പ്രാദേശിക അഭിലാഷങ്ങളും തമ്മില്‍ ഒരു സംഘട്ടനവും തങ്ങള്‍ കാണുന്നില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച്് വ്യക്തമാക്കി. രാജ്യത്തിന്റെ വികസനം കണക്കിലെടുത്ത് പ്രാദേശിക അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഇന്ത്യയുടെ പുരോഗതി ശക്തമാകും. നമ്മുടെ സംസ്ഥാനങ്ങള്‍ പുരോഗമിക്കുമ്പോള്‍ രാജ്യം പുരോഗമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവേചനത്തിന്റെ പാരമ്പര്യം അവസാനിപ്പിക്കണമെന്നും ഒരേ മനസ്സോടെ ഒരുമിച്ച് നടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത് . ഒരു സുവര്‍ണ്ണ കാലഘട്ടവും ലോകം മുഴുവനും ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു, ഈ അവസരം നാം നഷ്ടപ്പെടുത്തരുത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: