ഓയൂര്‍: കഴിഞ്ഞ ദിവസം ഓടനാവട്ടം, മുട്ടറ മരുതി മലയ്ക്ക് മുകളിലെ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വീണ്ടും തീപിടിത്തം ഉണ്ടായി. മലമുകളിലെ വയര്‍ലെസ് സന്ദേശം കൈകാര്യം ചെയ്യുന്ന പോലീസും കൊട്ടാരക്കരയില്‍ നിന്ന് വന്ന ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് 36 ഹെക്ടര്‍ വരുന്ന മലമുകളില്‍ പടര്‍ന്ന് പിടിച്ച തീ അണച്ചത്.
കാറ്റാടി പാറക്ക് സമീപത്തെ പുല്ലിലാണ് ആദ്യം തീ പടര്‍ന്നത്. സാമൂഹിക വിരുദ്ധര്‍ തീയിട്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. ഒരു മാസം മുമ്പ് ഇവിടെ പുല്ലിന് തീ പിടിത്തം ഉണ്ടായിരുന്നു. ഇക്കോടൂറിസത്തിന്റെ ഭാഗമായി മല മുകളില്‍ ആയിരത്തോളം പേരാണ് ദിവസവും വരുന്നത്.
എന്നാല്‍ വേനല്‍ക്കാലമായാല്‍ ഉണങ്ങിയ പുല്ലിന് തീപിടിക്കുന്നത് പതിവായിരിക്കുകയാണ്. ഇതു മൂലം നാട്ടുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അടിക്കടി ഉണ്ടാകുന്ന തീ പിടിത്തം തടയാന്‍ പദ്ധതി ആവിഷ്കരിച്ചില്ലെങ്കില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ നശിക്കുന്നതിന് കാരണമാകും. അടിയന്തരമായി വെളിയം പഞ്ചായത്ത് അധികൃതരും സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ.എന്‍ ബാലഗാേപാലും നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: