കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ കള്ളക്കടത്തിലും പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനിലെ അഴിമതിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് നേരിട്ട് പങ്കുള്ളതായി വിവാദനായിക സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ മുന്‍കാല പ്രാബല്യത്തോടെ തെളിയിക്കുകയാണ്. നയതന്ത്ര ബാഗേജിലൂടെ നടന്നുകൊണ്ടിരിക്കുന്ന സ്വര്‍ണ കള്ളക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇതിന് സഹായിക്കാറുണ്ടായിരുന്നുവെന്നും ലൈഫ് മിഷന് ഇടപാടില്‍ ലഭിച്ചതും ലോക്കറില്‍ സൂക്ഷിച്ചിരുന്നതുമായ കോഴപ്പണം തനിക്കും ശിവശങ്കറിനും ഒരുപോലെ അവകാശപ്പെട്ടതാണെന്നും സ്വപ്ന ഏറ്റുപറഞ്ഞത് മുഖ്യമന്ത്രിയുടെ മുഖംമൂടി വലിച്ചുകീറിയിരിക്കുകയാണ്. മുന്‍മന്ത്രി കെ.ടി. ജലീല്‍ യുഎഇ കോണ്‍സല്‍ ജനറലിനെ കാണാന്‍ വരുമ്പോഴൊക്കെ ഇരുവരും ചര്‍ച്ച നടത്തിയിരുന്നത് അടച്ചിട്ട മുറിയില്‍ വച്ചാണെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ തന്റേത് ജീവകാരുണ്യപ്രവര്‍ത്തനമാണെന്ന ജലീലിന്റെ വാദവും പൊളിക്കുന്നു. ഖുറാന്റെയും ഈന്തപ്പഴത്തിന്റെയുമൊക്കെ മറവില്‍ നയതന്ത്ര ഓഫീസ് വഴി കടത്തിയിരുന്നത് അന്വേഷണ ഏജന്‍സികള്‍ സംശയിച്ചതുപോലെ മറ്റു ചിലതായിരുന്നുവെന്ന് ഇതോടെ തെളിയുകയാണ്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്തബന്ധമുണ്ടായിരുന്നുവെന്നും പ്രതികളായ സന്ദീപ് നായരുടെയും സരിത്തിന്റെയും പരിചയക്കാരനായിരുന്നു ഈ സ്പീക്കറെന്നും സ്വപ്ന പറയുന്നത് അവിശ്വസിക്കേണ്ടതില്ല. ശ്രീരാമകൃഷ്ണന് സമര്‍ത്ഥമായി അഭിനയിക്കുകയായിരുന്നുവെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും, അന്വേഷണം മുറുകുമ്പോള്‍ ആരുടെയൊക്കെ നെഞ്ചിടിപ്പാണ് ഏറുന്നതെന്ന് കാണാം, മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കേണ്ടതില്ല, അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ ആര്‍ക്കാണ് വേവലാതി എന്നൊക്കെ ആവര്‍ത്തിച്ച് വീമ്പിളക്കിക്കൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഭരണാധികാരിയെന്ന നിലയ്ക്കുള്ള സത്യപ്രതിജ്ഞാ ലംഘനം മാത്രമല്ല, രാഷ്ട്രീയ നേതാവെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും അന്തസ്സിന് നിരക്കാത്തവിധമാണ് അന്ന് പെരുമാറിയതെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. ശിവശങ്കരന് അന്വേഷണ ഏജന്‍സിയുടെ പിടിയിലായതോടെ അടുത്തത് താനായിരിക്കുമെന്ന് ബോധ്യമായ മുഖ്യമന്ത്രി ഏതുവിധത്തിലും അത് തടയാനുള്ള ഗൂഢശ്രമങ്ങളാണ് നടത്തിയത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയതുപോലും ശിവശങ്കറിന്റെ ബുദ്ധിയിലുദിച്ചതായിരുന്നുവെന്ന് സ്വപ്നയുടെ വാക്കുകള്‍ കാട്ടിത്തരുന്നു. അന്വേഷണം മുന്നേറിയപ്പോള്‍ ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കി ഫയലുകള്‍ പിടിച്ചെടുത്തതും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കേസെടുത്തതുമൊക്കെ സ്വര്‍ണ കള്ളക്കടത്തിന്റെയും ലൈഫ്മിഷന്റെയുമൊക്കെ അഴിമതികള്‍ മറച്ചുപിടിക്കാനായിരുന്നുവെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ക്കു പിടികൊടുക്കാതെ ശിവശങ്കറും അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും മരണപ്പാച്ചില്‍ നടത്തിയത് മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നുവെന്നും ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.
എം. ശിവശങ്കറിനെ കയ്യൊഴിയാന്‍ മുഖ്യമന്ത്രിക്കാവില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ ഭരണത്തിന്റെ അന്ത്യമായിരിക്കുമെന്നും സ്വപ്നയുടെ വെളിപ്പെടുത്തലില്‍നിന്ന് വ്യക്തമാവുന്നുണ്ട്. തന്ത്രപരമായ അകലം പാലിച്ചുകൊണ്ട് ശിവശങ്കറിനെ രക്ഷിക്കുകയാണല്ലോ സര്‍ക്കാര്‍ ചെയ്തത്. കുറ്റവിമുക്തനാവാത്ത ശിവശങ്കറിനെ ജോലിയില്‍ തിരിച്ചെടുത്തതും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പുസ്തകമെഴുതാന്‍ അനുവദിച്ചതുമൊക്കെ ഇതിനു തെളിവാണ്. ഇതേ ഭരണക്കാരാണ് അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന പേരില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെ വേട്ടയാടിയത്. സ്വര്‍ണക്കടത്ത് പുറത്തുവന്നതോടെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ അനുവദിച്ചതും കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നു പറയുന്ന ശബ്ദരേഖ സൃഷ്ടിച്ചതുമൊക്കെ സര്‍ക്കാരിന്റെ അറിവോടെയാണെന്ന വെളിപ്പെടുത്തലാണ് ഏറ്റവും നിര്‍ണായകം. ഇതിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കാന്‍ സ്വപ്നയുടെ ശബ്ദരേഖ പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ തള്ളിപ്പറയുന്നത് ഇരട്ടത്താപ്പും കാപട്യവുമാണ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് ഇടപാട്, ഖുറാന്-ഈന്തപ്പഴം കടത്ത് എന്നിവയിലൊക്കെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം ശരിയായ ദിശയിലാണെന്ന് സ്വപ്നയുടെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്. ഒട്ടും സമയം കളയാതെ കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം നടത്തണം. ഇതിനു പിന്നിലെ കാരണഭൂതനെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അത് എത്ര ഉന്നതനായാലും പിടികൂടാന്‍ നിയമത്തിന്റെ നീണ്ട കരങ്ങള്‍ക്ക് കരുത്തുണ്ടെന്ന് തെളിയിക്കപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: