അഹമ്മദാബാദ്: ഫേസ്ബുക്കില്‍ മുഹമ്മദ് നബിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കിഷന് ബോലിയയുടെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മൗലവിമാരുടെ ഹിറ്റ് ലിസ്റ്റില്‍ 26 പേര് കൂടിയുണ്ടെന്ന് കണ്ടെത്തല്‍. കേസില്‍ പ്രധാനപ്രതികളിലൊരാളായ മൗലാന മുഹമ്മദ് അയൂബിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് കൊല ചെയ്യാനുള്ള 26 പേരുടെ കൂടി വിശദമായ വിവരങ്ങള്‍ ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയത്.
ഇതില്‍ ഒരാള്‍ സീനിയറായ ഒരു പത്രപ്രവര്‍ത്തകനാണ്. ഇദ്ദേഹം എഡിറ്ററായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്. ഗാസിയാബാദ് ദസ്ന ക്ഷേത്രത്തിലെ തീവ്രഹിന്ദുവാദി യതി നരസിംഹാനന്ദ്, ഈയിടെ ഹിന്ദുമതത്തിലേക്ക് സ്വയം പരിവര്‍ത്തനം ചെയ്ത ശേഷം ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന പേര് സ്വീകരിച്ച വാസിം റിസ് വി എന്നിവരും ഈ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട്. മൗലാന അയൂബിന്റെ ലിസ്റ്റില്‍ കണ്ടെത്തിയ മറ്റ് പത്ത് പേര് താഴെ പറയുന്നവരാണ്: ബിഎസ് പട്ടേല്‍, പങ്കജ് ആര്യ, പുഷ്പേന്ദ്ര കുല്‍ശ്രേഷ്ഠ, മഹേന്ദ്രപാല്‍ ആര്യ, രാഹുല്‍ ആര്യ, രാധേശ്യാം ആചാര്യ, ഉപ്ദേശ് റാണ, ഉപാസന ആര്യ, സാജന് ഒദേദര, ആര്‍എസ്എന്‍ സിങ്ങ്.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ദണ്ഡുക എന്ന പ്രദേശത്ത് വെച്ച് ഫേസ്ബുക്കില്‍ നബിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ജനവരി 25നാണ് സബ്ബിര്‍, ഇംതിയാസ് പത്താന് എന്നിവര്‍ ചേര്‍ന്ന് കിഷന് ബോലിയ എന്ന 27കാരനെ വെടിവെച്ച് കൊന്നത്. ജനവരി 30ന് ഈ കൊലപാതകവുമായി ബന്ധപ്പെട്ട ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്ക്വാഡ് പുരോഹിതനായ മൗലവി ഖമര്‍ ഘാനി ഉസ്മാനിയെ ദല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ജനവരി 27ന് മൗലാന മുഹമ്മദ് അയൂബിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൗലവിമാര്‍ ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നാണ്. മൗലവി ഖമര്‍, മൗലാന മുഹമ്മദ് എന്നിവരാണ് ഈ കൊലപാതകത്തില്‍ മുഖ്യപങ്ക് വഹിച്ചത്. ഗുജറാത്ത് പൊലീസ് അന്വേഷിച്ചിരുന്ന ഈ കൊലപാതകക്കേസ് ഗുജറാത്തിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡിന് കൈമാറിയത് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹര്‍ഷ് സംഘ് വിയാണ്.
കിഷന് ബോലിയ നബിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് മതനിന്ദയാണെന്ന് പറയപ്പെട്ടിരുന്നു. മതനിന്ദ നടത്തിയതിന് കിഷന് ബോലിയയോട് പ്രതികാരം ചെയ്യണമെന്ന് മുസ്ലിം യുവാക്കളോട് മൗലവി ഖമര്‍ ആഹ്വാനം ചെയ്തതിന്റെ വീഡിയോ കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് മുന്‍പ് മൗലവി ഖമര്‍ ഹൈദരാബാദിലും മുംബൈയിലും സന്ദര്‍ശനം നടത്തിയിരുന്നു. ഗുജറാത്ത് പൊലീസ് ഈ കൊലപാതകക്കേസില്‍ ഉത്തര്‍പ്രദേശിലെ ഭീകരവാദവിരുദ്ധ സ്ക്വാഡിനെയും മഹാരാഷ്ട്ര പൊലീസിനെയു തെലുങ്കാന പൊലീസിനെയും ബന്ധപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: