കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി. സര്‍വേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഡിപിആറില്‍ ശരിയായ സര്‍വേ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വേ എന്തിനാണെന്നും കോടതി ചോദിച്ചു. എന്നാല്‍ സമാനമായ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചില്‍ വിധി വരാനുണ്ടെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ വാദിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വേ നടപടികള്‍ നടത്തുന്നതു തടഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവ് 18വരെ നീട്ടി. ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. ഹര്‍ജികള്‍ 18ന് വീണ്ടും പരിഗണിക്കും.ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലുള്ളതിനാല്‍ ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കോടതിയുടെ കാര്യം ഇവിടെ പറയേണ്ടതില്ലെന്നു പറഞ്ഞ് നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.
ഡിപിആറിന് മുമ്പ് ശരിയായ സര്‍വേ നടത്തിയിരുന്നെങ്കില്‍, ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. സര്‍ക്കാര്‍ നടപടികളുടെ കാര്യത്തില്‍ ഇപ്പോഴും കോടതിയെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. നിയമപരമായി സര്‍വേ തുടര്‍ന്നാല്‍ ഓര്‍ഡറുകള്‍ പിന്‍വലിക്കാം. നിയമപരമല്ലാത്ത സര്‍വേ നിര്‍ത്തി വയ്‌ക്കാനായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും വ്യക്തമാക്കിയ കോടതി പദ്ധതി നിയമപരമാണെങ്കില്‍ ആരും എതിരാകില്ലെന്നും വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: