ഇരിട്ടി: അഞ്ചേക്കറില്‍ നടത്തിയ ഇഞ്ചിക്കൃഷി വിലയിടിവ് മൂലം വിറ്റഴിക്കാന്‍ കഴിയാതെ വലഞ്ഞ കര്ഷകന് രക്ഷകനായി സുഗന്ധ വ്യഞ്ജന വ്യാപാരി എത്തി. മാടത്തില്‍ സ്വദേശി പരുത്തിവേലില്‍ ജോണിയാണ് സ്ഥലം പാട്ടത്തിനെടുത്ത് പായം പഞ്ചായത്തിലെ കടത്തും കടവില്‍ അഞ്ചേക്കറില്‍ നടത്തിയ ഇഞ്ചികൃഷി വിലത്തകര്‍ച്ചമൂലം വിളവെടുത്ത് വില്ക്കാന് കഴിയാതെ വിഷമിച്ചത്. ഇദ്ദേഹത്തിന്റെ വിഷമം കേട്ടറിഞ്ഞ ഇരിട്ടിയിലെ സുഗന്ധ വ്യഞ്ജന വ്യാപാരി എം. ഹംസ ഹാജി കൃഷിയിടം സന്ദര്‍ശിക്കുകയും ഇഞ്ചി മുഴുവന്‍ വിപണി വിലയേക്കാള്‍ ചാക്കിന് 100 രൂപ കൂട്ടി നല്കി ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
ഇരിട്ടി മേഖലയിലെ ഏറ്റവും വലിയ ഇഞ്ചികൃഷിക്കാരനാണ് ജോണി. കഴിഞ്ഞ തവണ ഇഞ്ചിക്ക് ചാക്കിന് 1600 രൂപവരെ വില ലഭിച്ചിരുന്നു. ഈ വില പ്രതീക്ഷിച്ചാണ് ഇത്തവണ ജോണി അഞ്ചേക്കറില്‍ ഇഞ്ചിക്കൃഷി നടത്തിയത്. നല്ല വിളവുണ്ടണ്ടായെങ്കിലും വില ഇത്തവണ കുത്തനെ താണ് 700 രൂപയിലെത്തി. ഇത് കര്‍ഷകന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്തു. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതും കര്‍ണാടകത്തിലും തമിഴ്നാട്ടിലും ഉല്‍്പാദനം കൂടിയതുമാണ് വിലയിടിവിനിടയാക്കിയത്.
ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുമാണ് ഇഞ്ചി കയറ്റി അയച്ചിരുന്നത്. കര്‍ണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി കീടനാശിനി തളിക്കുന്നത് മൂലം ഇത്തരം ഇഞ്ചി തിരസ്കരിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി. കൊവിഡ് പ്രതിസന്ധിക്കൊപ്പം ഇത് കയറ്റുമതി കുറയാനും വിലയിടിവിനും കാരണമായി.
എന്നാല്‍ കീടനാശിനി പ്രയോഗമില്ലാതെ ജൈവ രീതിയിലുള്ള കൃഷിയായിരുന്നു ജോണിയുടേത്. ഒരേക്കറില്‍ ഇഞ്ചികൃഷിയിറക്കാന് 2.5 ലക്ഷത്തോളം രൂപ ചെലവ് വരും. ഇന്നത്തെ വിലയനുസരിച്ച് ചെലവിന്റെ മൂന്നിലൊന്നുപോലും ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ ജോണി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് വിഷമം കേട്ടറിഞ്ഞ ഹംസഹാജി ജോണിയുടെ കൃഷിയിടത്തില്‍ എത്തുന്നതും മുഴുവന്‍ ഇഞ്ചിയും വിപണി വിലയേക്കാള്‍ കൂടുതല്‍ നല്കി ഏറ്റെടുക്കാമെന്ന് സമ്മതിക്കുന്നതും. ഇത് വന്‍ ആശ്വാസമാണ് കര്‍ഷകനായ ജോണിക്ക് നല്‍കുന്നത്. ജില്ലയില്‍ അടുത്തകാലത്തൊന്നും ഇത്രയേറെ ഇഞ്ചിക്കൃഷി നടത്തിയ കര്ഷകന് ഉണ്ടായിട്ടില്ലെന്നും അഞ്ചേക്കറില്‍ കൃഷി നടത്തിയ ജോണിയുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നുവെന്നും ഹംസ ഹാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: