ചെറുകോല്‍പ്പുഴ: സനാതനധര്‍മ്മത്തിന്റെ അകം പൊരുള്‍ വിളിച്ചോതി പമ്പാ മണല്‍പ്പുറത്ത് 110-ാമത് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി. ഇനിയുള്ള ഏഴ് ദിനങ്ങളില്‍ ഹൈന്ദവ ധര്‍മ്മത്തിന്റെ മഹത്തായ സന്ദേശങ്ങള്‍ ശ്രവിക്കാം.
കൊവിഡിന് മുമ്പ് സനാതന ധര്‍മ്മത്തെ കുറിച്ച് അറിയാനും പഠിക്കാനും പതിനായിരങ്ങളാണ് പമ്പാ മണല്‍പ്പുറത്തേക്ക് എത്തിയിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഹിന്ദുമത മണ്ഡലം പ്രസിഡന്റ് അഡ്വ.പി.എസ്.നായര്‍ അധ്യക്ഷനായി. ഇന്നലെ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്ക്കര്‍ക്ക് പരിഷത് ആദരാഞ്ജലിയര്‍പ്പിച്ചു. കഴിഞ്ഞ ദിവസം സമാധിയായ അയിരൂര്‍സ്വദേശിയായ സ്വാമി നിത്യാനന്ദസരസ്വതിക്കും പരിഷത്ത് ആദരവ് അര്‍പ്പിച്ചു. ഹിന്ദുമതമഹാമണ്ഡലം രക്ഷാധികാരിയും വാഴൂര്‍ തീര്ത്ഥപാദാശ്രമാധിപതിയുമായ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജനങ്ങളില്‍ ആര്‍ഷസംസ്ക്കാരം പകര്‍ന്നുകൊടുക്കുകയാണ് ഹിന്ദുമതപരിഷത്തിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യ പ്രഭാഷണം ജസ്റ്റിസ് എന്‍.നഗരേഷ് നിര്‍വ്വഹിച്ചു. ഇന്ന് ലോകം ധാരാളം വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനെല്ലാം പരിഹാരം കാണാന്‍ ലോകരാജ്യങ്ങള്‍ ഭാരതത്തെ ഉറ്റു നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു അഡ്വ.പ്രമോദ് നാരായണന് എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.മനോജ് ചരളേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ ബാലഗോകുലത്തിന്റെ ഗോകുലനിധിയുടെ ശബരിഗിരി ജില്ലാ തല ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ പ്രസന്നന് മാസ്റ്റര്‍ക്ക് നിധി കൈമാറി നിര്‍വ്വഹിച്ചു. ഹിന്ദുമഹാസമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പരിഷത്ത് പത്രികയുടെ പ്രകാശനവും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ആധ്യാത്മിക പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 10ന് തീര്‍ത്ഥപാദീയ ദര്‍ശനസഭയില്‍ ചിദ് വിലാസിനി പ്രഭാഷണം നടത്തും. 3ന് മാര്‍ഗദര്‍ശന സഭയില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം അധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷനാകും. എ.ഗോപാലകൃഷ്ണന്, ഡോ. ടി.എസ്.വിജയന് കാരുമാത്ര എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് സ്വാമി ചിദാനന്ദ പുരി പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: