ബെംഗളൂരു: കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബ് ധരിച്ച മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത് മൗലികാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. പഠിക്കാനുള്ള അവകാശവും മതം അനുഷ്ടിക്കുന്നവര്‍ക്ക് നിഷേധിക്കാവതല്ല. ഹിജാബ് ധരിക്കാനുള്ള മുസ്ലിം പെണ്‍കുട്ടികളുടെ അവകാശവും ഭരണഘടന ഉറപ്പു നല്‍കുന്നതാണ്.
ഹിജാബിന് സമാനമായ മറ്റു മതചിഹ്നങ്ങള്‍ക്കും ഭരണഘടനാപരിരക്ഷയുണ്ട്. ഹിജാബും പൊട്ടും സിക്ക് മതവിശ്വാസികളുടെ തലപ്പാവും കുരിശുമെല്ലാം നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളാണ്. എല്ലാ മതവിശ്വാസികളെയും ഉള്‍കൊള്ളാനും അംഗീകരിക്കാനുമാണ് നമ്മുടെ രാജ്യത്തെ മതേതരത്വം പഠിപ്പിക്കുന്നത്. മറ്റു മത വിഭാഗങ്ങള്‍ക്ക് അവരുടെ ചിഹ്നം ധരിക്കാമെന്നിരിക്കെ മുസ്ലിങ്ങളെ മാത്രം ലക്ഷ്യമിടുന്നത് ഗൂഢ നീക്കങ്ങളുടെ ഭാഗമായേ കാണാന്‍ കഴിയൂവെന്ന് കാന്തപുരം പറഞ്ഞു.
അതേസമയം, ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പദവിയും ആനുകൂല്യങ്ങളും നല്കുന്ന സംസ്ഥാനമായ കര്‍ണാടകത്തെ മറ്റൊരു താലിബാന് ആക്കി മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഉഡുപ്പി, കുന്ദാപുര സര്‍ക്കാര്‍ പിയു കോളേജുകളില്‍ ഹിജാബ് വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
യൂണിഫോം നിര്‍ബന്ധമാക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കുന്ന ചട്ടം കൊണ്ടുവന്നത് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു വിവാദം സംസ്ഥാനത്ത് നിലനില്ക്കുമ്പോള് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2018ലാണ് സ്കൂളുകളിലും കോളേജുകളിലും യൂണിഫോം നിര്‍ബന്ധമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓരോ സ്കൂളുകളിലും അനുശാസിക്കുന്ന യൂണിഫോം നിയമങ്ങള്‍ പാലിക്കാന്‍ അതാത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണ്. സ്കൂള്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ പുറത്താക്കാന്‍ ഓരോ സ്കൂളിലെ അധികൃതര്‍ക്കും അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ ഉഡുപ്പിയോ മംഗളൂരുവോ മറ്റൊരു താലിബാന് ആവാന്‍ ബിജെപി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് കന്നഡസാംസ്കാരിക വകുപ്പ് മന്ത്രി വി. സുനില്‍കുമാര്‍ പറഞ്ഞു. 2018ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് സ്ഥാപനങ്ങള്‍ക്ക് യൂണിഫോം നിര്‍ദേശിക്കാമെന്ന നിയമം കൊണ്ടുവന്നത്. യൂണിഫോം കൊണ്ടുവന്നത് ബിജെപി സര്‍ക്കാരല്ല. രാഷ്ട്രീയം കളിക്കുന്നതിന് ഒരു പരിധി വേണമെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ സിദ്ധരാമയ്യ വോട്ടിന് വേണ്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു.
സാഹോദര്യബോധം വളര്‍ത്തുന്നതിന് യൂണിഫോം വേണമെന്ന് കുന്ദാപുരയില്‍ സ്കൂള്‍ വികസന നിരീക്ഷണ സമിതി (എസ്ഡിഎംസി) തീരുമാനമെടുത്തതായി നാഗേഷ് പറഞ്ഞു. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ കഴിയില്ലെന്ന് കുമാര്‍ പറഞ്ഞു. മതം വളര്‍ത്തുന്നതിനല്ല വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ പോകേണ്ടതെന്നും അറിവ് നേടുന്നതിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളെ മതപരമാക്കാന്‍ ചില ഗ്രൂപ്പുകള്‍ ശ്രമിക്കുന്നുണ്ട്. യൂണിഫോം പെരുമാറ്റച്ചട്ടത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: