ന്യൂദല്‍ഹി : കാറിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിക്ക് വേണ്ടി ആടുകളെ ബലി നല്കി വ്യാപാരി. ആക്രമണത്തില്‍ ജീവന് രക്ഷപ്പെട്ടതില്‍ ഹൈദരാബാദ് ബാഗ്ഇജഹനാരയില് ഞായറാഴ്ച 101 ആടുകളെയാണ് ബലി നല്‍കിയത്.
പരിപാടിയില്‍ മലകപേട്ട് എംഎല്‍എയും എഐഎംഐഎം നേതാവുമായ അഹമ്മദ് ബലാല പങ്കെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒവൈസിക്ക് നേരെ ആക്രമണം ഉണ്ടായത്. അതിന് പിന്നാലെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ഒവൈസിക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചത്.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തശേഷം ദല്‍ഹിയിലേക്ക് തിരിച്ചു പൊകുന്നതിനിടെയാണ് ഒവൈസിയുടെ കാറിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ താത്പര്യം കാണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: