ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ കാര്‍ഷികവിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ താളംതെറ്റിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി രജിസ്ട്രേഷന്‍ നടപടികള്‍ പരിഷ്‌കരിച്ചതാണ് കര്‍ഷകരെ വലച്ചത്. നിലവിലെ സാഹചര്യത്തില്‍ പകുതി കര്‍ഷകര്‍ക്കുപോലും ഇത്തവണ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനാകില്ല. ഇതോടെ പുഞ്ചകൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയിലായി.
വിതയിറക്കി 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്നാണ് നിബംന്ധന. പുതിയ പരിഷ്‌കാരം പാടശേഖര സമിതികളെ അറിയിക്കാന്‍ വൈകിയെന്നാണ് കര്‍ഷകരുടെ പരാതി. കാലംതെറ്റി കൃഷി ചെയ്യേണ്ടി വന്നതിനാല്‍ കീടബാധയും കളശല്യവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടെ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതും ബുദ്ധിമുട്ടിക്കുന്നെന്നാണ് കര്‍ഷകരുടെ പരാതി. പാടശേഖരസമിതിക്ക് എല്ലാ കര്‍ഷകരെയും പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ സാധിക്കില്ല. ഓരോ കര്‍ഷകനും പ്രത്യേകം രജിസ്ട്രേഷനാണുള്ളത്. കര്‍ഷകര്‍ നേരിട്ട് അക്ഷയകേന്ദ്രങ്ങളില്‍ പോയി വേണം അംഗമാകാന്‍.
ഇതിനു ശേഷം പാടശേഖരമൊന്നാകെ രജിസ്റ്റര്‍ ചെയ്യണം. പാടശേഖരത്തിന്റെ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് കര്‍ഷകരെ ചേര്‍ക്കണം. കൃഷി ഓഫീസര്‍മാര്‍ അപേക്ഷകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ പ്രീമിയം അടയ്‌ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കൂ. കൃഷിയിറക്കി 45 ദിവസം പിന്നിട്ട പല കര്‍ഷകരും ഇനിയും പദ്ധതിയില്‍ അംഗമായിട്ടില്ല. മുന്‍കാലങ്ങളില്‍ ആദ്യം തന്നെ ഒരു പാടശേഖരത്തിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രീമിയം തുക പാടശേഖരസമിതികള്‍ വഴി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനു ശേഷം രേഖകളെല്ലാം ഹാജരാക്കിയാല്‍ മതിയായിരുന്നു. പാടശേഖരസമിതിയുടെ ഭാരവാഹികള്‍ ഇക്കാര്യം കൈകാര്യം ചെയ്തിരുന്നതിനാല്‍ ഇതു എളുപ്പവുമായിരുന്നു.
കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കുട്ടനാട്ടില്‍ ഇക്കുറി വളരെ വൈകിയാണ് പുഞ്ചകൃഷിയിറക്കിയത്. രണ്ടാംകൃഷിയില്‍ ജില്ലയില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ വെള്ളപ്പൊക്കവും മടവീഴ്ചയും കര്‍ഷകരെ വലച്ചിരുന്നു. പ്രീമിയം അടയ്‌ക്കാനുള്ള കാലാവധി നീട്ടി നല്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ച മുറയ്‌ക്ക് പാടശേഖരസമിതികളെ വിവരം അറിയിച്ചെന്ന് പറഞ്ഞ് കൃഷി ഓഫീസര്‍മാര്‍ കൈയൊഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: