ന്യൂദല്‍ഹി: സ്വയംഭരണാധികാരമുള്ളതടക്കം രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെയും പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് നടപ്പാക്കും. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെയും ഡീംഡ് സര്‍വകലാശാലകളിലെയും 50 ശതമാനം സീറ്റുകളിലെ ഫീസ് ആ സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ സര്‍ക്കാര്‍ കോളജുകളില്‍ ഈടാക്കുന്നതിന് തുല്യമായിരിക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന് (എന്‍എംസി) ഫെബ്രുവരി മൂന്നിന് പുറത്തിറക്കിയ മെമ്മോറാണ്ടത്തില്‍ ഫീസ് നിയന്ത്രണത്തിനുള്ള മാര്ഗ്ഗനിര്ദേശത്തില് വ്യക്തമാക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം വലിയ നേട്ടമാകും. ആരോഗ്യവിദ്യാഭ്യാസത്തിന്റെ വ്യാപ്തിയും നിലവാരവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ ക്വാട്ട സീറ്റുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ ഫീസ് ഘടനയുടെ പ്രയോജനം ആദ്യം ലഭ്യമാക്കുമെന്നും എന്‍എംസി അറിയിച്ചു. മൊത്തം വിദ്യാര്‍ഥികളില്‍ പകുതി പേര്‍ക്ക് സര്‍ക്കാര്‍ കോളജുകളിലെ ഫീസായിരിക്കും. സര്‍ക്കാര്‍ ക്വാട്ട 50 ശതമാനത്തില്‍ കുറവായുള്ള കോളജുകളില്‍ മെറിറ്റടിസ്ഥാനത്തില്‍ വേണം യോഗ്യരായവരെ കണ്ടെത്താന്‍. ഒരുവിധത്തിലുള്ള ക്യാപ്പിറ്റേഷന്‍ ഫീസും അനുവദിക്കില്ല.
2019 നവംബറില്‍ മുന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പിന്നീട് എന്‍എംസിയും രൂപീകരിച്ച വിദഗ്ധസമിതിയും ഫീസ് നിശ്ചയിക്കുന്നതിന് 26 വിശാലമായ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ കരടുനിര്‍ദേശങ്ങള്‍ മേയ് മാസത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. നിര്‍ദേശങ്ങള്‍ക്ക് പലഭാഗത്തുനിന്നായി ലഭിച്ച 1800 പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: