കുന്നത്തൂര്‍: ശൂരനാട് വടക്ക് രണ്ടാംവാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ അതിക്രമം നടന്നതായ പരാതിയില്‍ ബിജെപി നേതാവിനെ കള്ളക്കേസില്‍ പെടുത്തി ജയിലില്‍ അടച്ച സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ബിജെപി.
ബിജെപി ശൂരനാട് വടക്ക് പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി പി. ഗോപീഷിനെയാണ് ശൂരനാട് പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യിച്ചത്.
ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളുമായ രണ്ട് വ്യക്തികള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുടെ പേരിലാണ് ഗോപീഷിനെ വീട് കയറി അറസ്റ്റുചെയ്തതത്. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം ഗോപീഷ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തര്‍ക്കത്തില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അതിക്രമം നടന്നതായ പരാതിയില്‍ ഗോപീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന മറ്റൊരു യുവാവിന്റെ വീട് കാട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് ശൂരനാട് എസ്ഐ മഞ്ജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ്, ഗോപീഷിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയും സ്റ്റേഷനിലെത്തിച്ച് റിമാന്‍ഡ് ചെയ്യിക്കുകയുമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസിന് നല്കിയ മൊഴിയില്‍ പോലും ഗോപീഷ് അക്രമം കാട്ടിയതായി പറയുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കള്ളക്കേസ് ചമച്ച് ഗോപീഷിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ശക്തമാണ്. ഗോപീഷിനെ കേസില്‍പ്പെടുത്താന്‍ പ്രദേശത്തെ സിപിഎം നേതാക്കളും ശ്രമിച്ചതായി ബിജെപി നേതൃത്വം ആരോപണ്ടിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ക്ക് ഏറെ സഹായിയായ പൊതുരംഗത്ത് സജീവമായി ഇടപെടുന്ന ഗോപീഷിനെ കള്ള കേസില്‍ ഉള്‍പ്പെടുത്തിയതിലൂടെ നടക്കാന്‍ പോകുന്ന വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതിന് ശൂരനാട് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി ആരോപിച്ചു.
ന്യൂറോ സംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള നിരപരാധിയായ യുവാവിനെ ജയിലിലടച്ച ശൂരനാട് പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉന്നത അധികാരികള്‍ക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ഉള്‍പ്പെടെ പരാതി നല്‍കുമെന്നും ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, സെല്‍ കോര്‍ഡിനേറ്റര്‍ ജി.ജയചന്ദ്രന്, പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്യാം പ്രകാശ്, സെക്രട്ടറി ചന്ദ്രശേഖരന്, ജില്ലാ കമ്മറ്റിയംഗം സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: