തിരുവനന്തപുരം: വിഷപ്പാമ്പുകളെ ശാസ്ത്രീയമായി പിടിക്കുന്ന ഒരു വനം വകുപ്പ് ഉദ്യോഗസ്ഥയുണ്ട് കാട്ടാക്കട പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫീസില്‍. വനം വകുപ്പിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗവും ഫോറസ്റ്റ് ബീറ്റ് ഓഫീസറുമായ റോഷ്നിയാണ് കാക്കിയിട്ട് പാമ്പുകളെ ‘പൊക്കാന്‍’ എത്തുന്നത്.
പാമ്പിനെ കൈയില്‍ കിട്ടിയാല്‍ ചാക്കിലാക്കാന്‍ റോഷ്നിക്ക് പരമാവധി വേണ്ടത് ഒന്നര മിനിറ്റ് മാത്രം. കഴിഞ്ഞദിവസം വെള്ളനാട് പുനലാല്‍ ഐസക്കിന്റെ വീട്ടുവളപ്പില്‍ ഭീതിപരത്തിയ മൂര്‍ഖനെ റോഷ്നി നിമിഷനേരം കൊണ്ടാണ് പിടികൂടിയത്. വനം വകുപ്പ് നിഷ്കര്‍ഷിച്ചിരിക്കുന്ന ശാസ്ത്രീയ രീതിയിലാണ് റോഷ്നി പാമ്പിനെ പിടികൂടുന്നത്. പാമ്പിന്റെ വാലില്‍ പിടിത്തമിട്ട ശേഷം സ്നേക് ഹുക്ക് കൊണ്ട് പാമ്പിനെ നിയന്ത്രിക്കും. ശേഷം പാമ്പുകള്‍ ഒളിഞ്ഞിരിക്കുന്ന പൊത്തിനു സമാനമായ രീതിയില്‍ തയ്യാറാക്കിയ പ്രത്യേക സഞ്ചിക്ക് അരികിലെത്തിച്ച് പാമ്പിനെ ഇതിനുള്ളിലേക്ക് കയറ്റും. പിന്നെ സ്നേക് ഹുക്ക് കൊണ്ട് സഞ്ചിയുടെ വായ്ത്തല അടച്ചു പിടിച്ചു സഞ്ചി ചേര്‍ത്ത് കെട്ടുന്നു. ഇതെല്ലം ഒന്നരമിനിറ്റില്‍ കഴിഞ്ഞു.
വിതുരയില്‍ നിന്നും കഴിഞ്ഞദിവസം റോഷ്നി ഒരു പാമ്പിനെ പിടികൂടിയിരുന്നു. ഈ രീതിയില്‍ വലിയ പാമ്പുകളെ പിടികൂടാന്‍ ഒരുപക്ഷേ രണ്ടര മുതല്‍ മൂന്നു മിനിട്ടുവരെ സമയം എടുത്തേക്കാം. ശാസ്ത്രീയമായി പാമ്പുപിടിത്തം അഭ്യസിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കഴിയുകയുള്ളു. ഇങ്ങനെയാണ് അപകടകാരിയായ പാമ്പിനെ പിടിക്കേണ്ടതെന്ന് വനം വകുപ്പ് നിര്‍ദ്ദേശിക്കുന്നതെന്ന് റോഷ്നി. പാമ്പുകളെ കൂടാതെ മരപ്പട്ടി, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഏതു ജന്തുവിനെ പിടിക്കാനും റോഷ്നി തയ്യാര്‍.
2017ല്‍ വനം വകുപ്പില്‍ ജോലിക്ക് കയറിയ റോഷ്നി 2019 ലാണ് പാമ്പു പിടിത്തം അഭ്യസിച്ചത്. ഇക്കോ ടൂറിസത്തില്‍ ആയിരുന്നു ആദ്യം ചുമതല. ശേഷം മൂന്നു മാസം മുമ്പാണ് തിരുവനന്തപുരം റാപിഡ് റെസ്പോണ്‍സ് ടീം അംഗമായി പരുത്തിപ്പള്ളിയില്‍ എത്തിയത്. പാമ്പുകളുടെ മറ്റു ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ അവയെ വേദനിപ്പിക്കാതെ നമ്മുടെയും പാമ്പിന്റേയും സുരക്ഷ ഉറപ്പാക്കി ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമേ ഇവയെ പിടിക്കാന്‍ പാടുള്ളു എന്ന് റോഷ്നി പറയുന്നു. അതും വനം വകുപ്പിന്റെ അംഗീകൃത ലൈസന്‍സ് നേടിയവര്‍ മാത്രം.
വേനല്‍ക്കാലവും ഒപ്പം പാമ്പുകളുടെ പ്രജനനകാലവുമാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ നാട്ടിന് പ്രദേശങ്ങളില്‍ ധാരാളം പാമ്പുകള്‍ എത്തുന്നുണ്ട്. ഇവയെ കണ്ടാല്‍ ഉപദ്രവിക്കാതെ ഉടന്‍ തന്നെ വനംവകുപ്പിനെ അറിയിച്ചാല്‍ വനം ഉദ്യോഗസ്ഥരോ ഇവര്‍ നിയോഗിക്കുന്ന പാമ്പ് പിടിത്തക്കാരോ സ്ഥലത്തെത്തി ഇവയെ പിടികൂടി കൊണ്ടുപോകും. അതേസമയം ഏതെങ്കിലും രീതിയില്‍ പാമ്പുകളെ മുറിവേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്താല്‍ 3 മുതല്‍ 7 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് ദൂരദര്‍ശനിലും ആകാശവാണിയിലും പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുള്ള റോഷ്നി സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാറുണ്ട്. സര്‍ക്കാര്‍ അനുമതിയോടെ ഔദ്യോഗിക ജോലിക്ക് തടസ്സമില്ലാതെ ദൂരദര്‍ശനില്‍ ചില പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. ആര്യനാട് കുളപ്പട സരോവരത്തില്‍ സഹകരണ വകുപ്പ് സീനിയര്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്. സജിത്ത് കുമാര്‍ ആണ് റോഷ്നിയുടെ ഭര്‍ത്താവ്. മക്കള്‍ ദേവനാരായണന്, സൂര്യനാരായണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: