മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവുത്തിന് ചുറ്റും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുരുക്ക് മുറുകുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കളും 1034 കോടി രൂപയുടെ ഭൂമി അഴിമതിക്കേസില്‍ ബന്ധമുള്ളതായി പറയുന്നു. ഭാര്യ വര്‍ഷ റാവുത്തിനെ ഭൂമി ഇടപാട് കേസുകളില്‍ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
സഞ്ജയ് റാവുത്തിന്റെ മക്കളായ പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ ബിസിനസ് പങ്കാളിയായ സുജിത് പത്കറുടെ വീട്ടില്‍ ഭൂമി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് നടത്തി. പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ വൈന്‍ കമ്പനിയായ മാഗ്പൈ ഡിഎഫ്എസ് പ്രൈവറ്റ് ലിമിറ്റഡില്‍ ബിസിനസ് പങ്കാളി കൂടിയാണ് സുജിത് പത്കര്. സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തും സുജിത് പത്കറുടെ ഭാര്യയും അലിബാഗില്‍ കൂട്ടായി സ്ഥലം വാങ്ങിയിരുന്നു.
ഇതിനിടെ സുജിത് പത്കറുടെ മറ്റൊരു കൂട്ടാളിയായ പ്രവീണ്‍ റാവുത്തിനെ ഇഡി അറസ്റ്റ് ചെയ്തു. ഇപ്പോള്‍ പ്രവീണ്‍ റാവുത്ത് എട്ട് ദിവസത്തെ ഇഡി കസ്റ്റഡിയിലാണ്. ഇദ്ദേഹത്തിന്റെ കമ്പനിയായ ഗുരു ആശിശ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് പിഎംസി ബാങ്ക് പണം തിരിമറിക്കേസിലെ മുഖ്യകമ്പനിയായ ഹൗസിംഗ് ഡവലപ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (എച്ച് ഡി ഐഎല്‍) അനുബന്ധകമ്പനിയാണ്. പിഎംസി ബാങ്കിന്റെ 4300 കോടിയുടെ തിരിമറിക്കേസില്‍ എച്ച് ഡി ഐഎല്‍ ഇഡി അന്വേഷണത്തിന് കീഴിലാണ്.
കഴിഞ്ഞ വര്‍ഷം ഇഡി പിഎംസി ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സഞ്ജയ് റാവുത്തിന്റെ 72 കോടി സ്വത്ത് കണ്ടുകെട്ടിയിരുന്നു. എച്ച് ഡി ഐഎല്‍ വഴി 95 കോടി രൂപ പ്രവീണ്‍ റാവുത്ത് തട്ടിച്ചതായും പറയുന്നു. ഒരു രേഖയുമില്ലാതെ പിഎംസി ബാങ്കില്‍ നിന്നും എച്ച് ഡി ഐഎല്‍ വായ്പയും അഡ്വാന്‍സും അനധികൃതമായി എടുക്കുകയായിരുന്നു. ഇങ്ങിനെ എച്ച് ഡി ഐഎല്‍ എടുത്ത ഫണ്ട് പല്‍ഗാര്‍ മേഖലയില്‍ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചിരുന്നു.
പ്രവീണ്‍ റാവുത്തിന്റെ ഭാര്യയുമായി ബന്ധമുള്ളത്തില് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. പ്രവീണ്‍ റാവുത്ത് തന്റെ ഭാര്യ മാധുരി പ്രവീണ്‍ റാവുത്തിന് 1.6 കോടി രൂപ നല്‍കിയിരുന്നു. ഇത് തട്ടിപ്പില്‍ നിന്നുള്ള ലാഭത്തുകയായിരുന്നു. ഇതില്‍ നിന്നും മാധുരി റാവുത്ത് 55 ലക്ഷം രൂപ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിന് നല്‍കിയിരുന്നു. ഈ തുക ദാദറില്‍ ഫ്ളാറ്റ് വാങ്ങാന്‍ ഉപയോഗിച്ചതായി ഇഡി പറയുന്നു. വര്‍ഷ റാവുത്തും മാധുരി പ്രവീണ്‍ റാവുത്തും ആവണി കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയില്‍ ബിസിനസ് പങ്കാളികളാണ്.
പിഎംസി ബാങ്കുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എച്ച് ഡി ഐഎല്ലിന്റെ പ്രൊമോട്ടര്‍മാരായ രാകേഷ് കുമാര്‍ വാധ്വാന്‍, അദ്ദേഹത്തിന്റെ മക്കളായ സാരംഗ് വാധ്വാന്‍, പിഎംസി ചെയര്മാന് വാര്യം സിങ്ങ്, മുന്‍ എംഡി ജോയ് തോമസ് എന്നിവര്‍ക്കെതിരെ ഇഡി കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: