കോട്ടയം : മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഗുരുതര നിലയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാവിലെ ഉണ്ടായ ആരോഗ്യ പുരോഗതി ഇപ്പോള്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ ബോധം തെളിയുകയും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കൈകാലുകള്‍ അല്‍പം ഉയര്‍ത്തി അനുകൂല പ്രതികരണം അറിയിച്ചിരുന്നു. ഒപ്പം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനു ശേഷം കാര്യമായ പുരോഗതി ഉണ്ടായില്ല. വാവ സുരേഷ് ഇപ്പോളും അബോധാവസ്ഥയില്‍ ആണ് തുടരുന്നത്. ശരീരത്തിലെ പേശികള്‍ കൂടുതല്‍ തളര്‍ച്ചയിലാണ്. വെന്റിലേറ്ററിന്റെ സഹായത്താലാണ് തുടരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
അതേസമയം ഇന്ന് വാവ സുരേഷിന്റെ ആരോഗ്യ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് വീണ്ടും ചേരുന്നുണ്ട്. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്‌ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്‌ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
പാമ്പ് കടിയേറ്റതിന് പിന്നാലെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഹൃദയാഘാതമുണ്ടായിരുന്നു. ഇതില്‍ നിന്നും പതുക്കെ മുക്തിനേടിയിരുന്നു. ഇതോടെ ആരാഗ്യ നിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശ്വസിച്ചിരിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ചങ്ങനാശേരിക്കടുത്ത് കുറിച്ചിയില്‍ വെച്ചാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയില്‍ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: