ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പുകഴ്ത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര ബജറ്റ് ദീര്‍ഘവീക്ഷണമുള്ളതാണെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ ലോകത്തെ തന്നെ മുന്‍നിര സമ്പദ്വ്യവസ്ഥയാക്കാന്‍ സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിപ്പം 39.45 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചുകൊണ്ട് കോവിഡ് കാലഘട്ടത്തിലും നമ്മുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് ബജറ്റ് തെളിയിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ധനക്കമ്മി ലക്ഷ്യം 6.9 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി കുറച്ചത് വലിയ നേട്ടമാണ്. മോദിയുടെ നേതൃത്വത്തില്‍ ധനക്കമ്മി നാല് ശതമാനത്തില്‍ താഴെയാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ഷാ പറഞ്ഞു. ‘മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ബജറ്റ് ഒരു ദീര്‍ഘവീക്ഷണമുള്ള ബജറ്റാണ്. അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ തോത് മാറ്റാനുള്ള ബജറ്റാണെന്ന് തെളിയിക്കും. കോവിഡിന് ശേഷമുള്ള ആഗോള സാമ്പത്തിക രംഗത്ത് ഉയര്‍ന്നുവന്ന അവസരങ്ങള്‍ മുതലെടുത്ത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, ഇന്ത്യയെ ലോകത്തെ മുന്‍നിര സമ്പദ്വ്യവസ്ഥയാക്കാന്‍ ബജറ്റ് സഹായകമാകും’- അമിത് ഷാ പറഞ്ഞു.
ഈ ബജറ്റ് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തിലെ ഒരു പുതിയ ഇന്ത്യക്ക് അടിത്തറയിടുകയും ചെയ്യും. അതിന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിര്‍മ്മലാ സീതാരാമനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: