കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് പോലീസിന് വിചാരണ കോടതിയുടെ നിര്‍ദേശം. കേസില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്കി.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ ആരേപണങ്ങളെ തുടര്‍ന്ന് അന്വേഷണത്തിന് ആറ് മാസത്തെ സമയം കൂടി വേണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് കോടതി ഉത്തരവിറക്കിയത്. ലഭിച്ച തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി വിചാരണ തുടരാം. തെളിവുകള്‍ നല്‍കാതെ കേസ് അനന്തമായി നീട്ടികൊണ്ട് പോകാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയില്ലന്നും വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന് മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട ആറ് ഫോണുകള്‍ ഡിജിപിയ്ക്ക് നല്‍കുകയാണെന്ന് കോടതി വാദത്തിനിടെ അറിയിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫോണുകള്‍ കൈമാറരുതെന്ന് ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് എഫ് ഐ ആര് സമര്‍പ്പിച്ചിരിക്കുന്ന ആലുവ കോടതിയ്ക്ക് ഫോണുകള്‍ അയക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഈ നിര്‍ദേശം രണ്ടുകൂട്ടരും സമ്മതിച്ചു. ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണ്‍ കോടതിക്ക് നല്‍കാമെന്നും ദിലീപ് അറിയിച്ചു. ഇതേത്തുടര്‍ന്ന് രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘം ഫോണുകള്‍ ആലുവ കോടതിയില്‍ നിന്ന് കൈപ്പറ്റണം. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണോ എന്നത് ആലുവ മജിസ്ട്രേറ്റിന് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: