ചില പത്രലേഖകര്‍ എന്തും വളച്ചുകെട്ടിയേ പറയൂ. അതുകൊണ്ട് വായനക്കാര്‍ക്കുണ്ടാകുന്ന ക്ലേശത്തെയും വിരസതയെയും കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. വാര്‍ത്തകളില്‍ നിന്ന്:
”ഒരിക്കല്‍ സഭ ചര്‍ച്ചചെയ്ത് പിന്‍വലിച്ച വ്യവസ്ഥ പിന്നീട് ഓര്‍ഡിനന്‍സായി കൊണ്ടുവരുന്നത് ജനാധിപത്യപരമാണോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ലോകായുക്ത ബില്ലില്‍ സഭയില്‍ വിശദചര്‍ച്ച നടന്നപ്പോഴൊന്നും ഇപ്പോള്‍ ഭേദഗതി ചെയ്യുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന വാദം ആരും ഉയര്‍ത്തിയില്ല”.
ആദ്യ വാക്യത്തില്‍ ”…. ജനാധിപത്യവിരുദ്ധമാണോയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്” എന്നായാല്‍ എന്താണ് കുഴപ്പം?
രണ്ടാമത്തെ വാക്യത്തില്‍ ”….ഭരണഘടനാ വിരുദ്ധമാണെന്ന് ആരും വാദിച്ചില്ല” എന്നു മതിയല്ലോ.
എന്തു ചെയ്യാം, ‘ചോദിക്കാനും’ ‘വാദിക്കാനും’ ചിലര്‍ക്കു മടിയാണ്. അവര്‍ക്ക് ചോദ്യവും വാദവും എപ്പോഴും ഉയര്‍ത്തണം! രണ്ടിനും കനം കൂട്ടാനാവാം ഇങ്ങനെ ഉയര്‍ത്തുന്നത്!
”കെ.ടി.ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരികയും ലോകായുക്ത വിധിക്കെതിരെ സുപ്രീംകോടതി വരെ അപ്പീല്‍ പോകുകയും ചെയ്തപ്പോഴും ബന്ധപ്പെട്ട വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.”
”….ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിട്ടില്ല” എന്നെഴുതിയാല്‍ വായിക്കാന്‍ എത്ര സുഖമുണ്ട്!
തലക്കെട്ടുകളിലും വാക്യങ്ങളിലും ‘നടപ്പ്’ ചേര്‍ക്കുമ്പോഴുണ്ടാകുന്ന കൃത്രിമത്വം അസഹ്യമാണ്!
”കാഞ്ഞൂര്‍ പള്ളിയില്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍: ഉന്നതതല യോഗം നടന്നു.”
ഉന്നതതല യോഗം ചേര്‍ന്നാല്‍ പോരേ? യോഗത്തിനെ ഇങ്ങനെ നടത്തരുത്!
”ഓര്‍മ്മദിനാചരണം നടത്തി.”
”പ്രതിഭാ പുരസ്കാര വിതരണം നടത്തി.”
”ഓര്‍മ്മദിനം ആചരിച്ചു, പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു”- ഇങ്ങനെ എഴുതി നടപ്പ് കുറച്ചാല്‍ നന്ന്!
തലക്കെട്ടുകള്‍ക്ക് ദൈര്‍ഘ്യം കഴിയുന്നത്ര കുറയ്ക്കുന്നതാണ് ഭംഗി. എന്നാല്‍ കഴിയുന്നത്ര കൂട്ടുന്നതിലാണ് ചിലര്‍ക്കു കമ്പം.
”കാട്ട് പന്നി ഇരുചക്ര വാഹനത്തിലിടിച്ച് വാഹനം മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്.”
സ്ഥലവും പരിക്കേറ്റവരുടെ പേരുകളും മാത്രമേ തലക്കെട്ടില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ!
‘കാട്ട്’ കഴിഞ്ഞ് വളരെ ദൂരെയാണ് പന്നി നില്‍ക്കുന്നത്! ‘കാട്ടുപന്നി’ എന്ന് ചേര്ത്താണെഴുതേണ്ടത്.
”കാട്ടുപന്നി വാഹനത്തിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്” എന്നായാല്‍ ധാരാളം.
മുഖപ്രസംഗത്തില്‍ നിന്ന്:
”പലതും വ്യാജകേസുകളാണെന്നും എന്‍ഐഐയെ ഉപയോഗിച്ച് വേട്ടയാടല്‍ നടക്കുന്നു എന്ന തരത്തിലുമുള്ള ആരോപണങ്ങളുമുണ്ട്.”
വികലമായ വാക്യം.
”പലതും വ്യാജകേസുകളാണെന്നും എന്‍ഐഎയെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും ആരോപണങ്ങളുണ്ട്.”(ശരി)
”പരസ്പരം ആരോപണങ്ങളുന്നയിക്കുന്നതിനു പകരം റേഷന്‍ വിതരണക്കാരെ വിശ്വാസത്തിലെടുക്കുകയും അവരുമായി എല്ലാ വിഷയവും ചര്‍ച്ച ചെയ്ത് യോജിപ്പിലെത്താന്‍ നടപടിയെടുക്കുകയും വേണം. ഭക്ഷ്യസുരക്ഷാ കമ്മീഷനും പൊതുവിതരണ വകുപ്പും ചേര്‍ന്ന് റേഷന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ വിശദമായി പഠിച്ച് പരിഹരിക്കാന്‍ നടപടിയെടുക്കണം. വിതരണക്കാരുടെ സംഘടനകളുടെ സഹകരണവും ഇതില്‍ ഉറപ്പുവരുത്തണം. എല്ലാ റേഷന്‍കടകളിലും ഇ പോസ് മെഷിന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നെറ്റ് കവറേജ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. കാലഹരണപ്പെട്ട സിം തിരിച്ചുവാങ്ങി വിതരണ കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കവറേജുള്ള കമ്പനിയുടെ പുതിയ സിം നല്‍കാനും നടപടിയെടുക്കണം.
എല്ലാ വാക്യങ്ങളും ഇങ്ങനെ ഒരേ രീതിയില്‍ അവസാനിക്കുന്നത് വല്ലാത്ത വിരസതയുണ്ടാക്കുന്നു. ‘നടപടിയെടുക്ക’ലിന്റെയും ‘ഉറപ്പുവരുത്ത’ലിന്റെയും ആവര്‍ത്തനവും ഒഴിവാക്കേണ്ടതായിരുന്നു.
പിന്കുറിപ്പ്:
വാര്‍ത്തയില്‍ നിന്ന്:
”നടുറോഡിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.”
കൊലപാതകത്തെയും ബലാത്സംഗത്തെയും ‘അരങ്ങേറ്റുന്ന’ പത്രലേഖകരുമുണ്ട്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: