ബ്രിഡ്ജ്ടൗണ്‍: അവസാന ഓവറില്‍ തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റുകള്‍ കൊയ്തെടുത്ത് പേസര്‍ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് വിജയം സമ്മാനിച്ചു. നിര്‍ണായകമായ അവസാന ടി 20 മത്സരത്തില്‍ 17 റണ്‍സിന് ഇംഗ്ലണ്ടിനെ വീഴ്ത്തി വിന്‍ഡീസ് അഞ്ചു മത്സരങ്ങളുടെ പരമ്പര 3-2 ന് പോക്കറ്റിലാക്കി.
180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19.5 ഓവറില്‍ 162 റണ്‍സിന് ഓള് ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ നാലു വിക്കറ്റിന് 179 റണ്‍സാണെടുത്തത്.
അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇരുപത് റണ്‍സ് വേണ്ടിയിരുന്നു. നാലു വിക്കറ്റും കൈവശമുണ്ടായിരുന്നു. പക്ഷെ , പേസര്‍ ഹോള്‍ഡറിന്റെ തീപാറും ബൗളിങ്ങില്‍ ഇംഗ്ലണ്ടിന്റെ വിജയമോഹങ്ങള്‍ കത്തിയമര്‍ന്നു. ഇരുപതാം ഓവറിലെ രണ്ടമത്തെ പന്തുമുതല്‍ ഹോള്‍ഡര്‍ ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ ക്രിസ് ജോര്‍ദാന്‍ (7) പുറത്ത്, അടുത്ത പന്തില്‍ സാം ബില്ലിങ് (41) വീണു. നാലാം പന്തില്‍ ആദില്‍ റഷീദും (0) അഞ്ചാം പന്തില്‍ സാക്വിബ്് മെഹ്മൂദും (0)വീണതോടെ ഇംഗ്ലണ്ട് 162 ന് ഓള് ഔട്ടായി. 2.5 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹോള്‍ഡര്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. കളിയിലെ കേമനുള്ള പുരസ്കാരം ഈ പേസര്‍ക്ക് ലഭിച്ചു. ഹോള്‍ഡറിന് മികച്ച പിന്തുന നല്കിയ അകീല്‍ ഹുസൈണ്‍ നാല് ഓവറില്‍ മുപ്പത് റണ്‍സിന് നാലു വിക്കറ്റും വീഴത്തി.
ഇംഗ്ലണ്ടിനായി ജെയിംസ് വിന്‍സ് അര്‍ധ സെഞ്ച്വറി കുറിച്ചു. 35 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. ഏഴു ഫോറും ഒരു സിക്സറും അടിച്ചു. സാം ബില്ലിങ് 28 പന്തില്‍ ഒരു ഫോറും രണ്ട് സിക്സറും സഹിതം 41 റണ്‍സ് എടുത്തു.
ടോസ് നേടി ബാറ്റ് ചെയ്ത വിന്‍ഡീസ് ക്യാപ്റ്റന്‍ കീരോണ്‍ പൊള്ളാര്‍ഡ്, റോവ്മന്‍ പവല്‍ എന്നിവരുടെ മികവിലാണ് 179 റണ്‍സ് എടുത്തത്. പൊള്ളാര്‍ഡ് 25 പന്തില്‍ ഒരു ഫോറും രണ്ട് സിക്സറും ഉള്‍പ്പെടെ 41 റണ്‍സ് നേടി പുറത്താകാതെ നിന്നു. പവല്‍ 17 പന്തില്‍ 35 റണ്‍സ് അടിച്ചെടുത്ത് കീഴടങ്ങാതെ നിന്നു. ഒരു ഫോറും നാലു സിക്സറും പൊക്കി. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ് 34 റണ്‍സും കെയ്ല്‍ മേയേഴ്സ് 31 റണ്‍സും നേടി.
സ്കോര്‍: വിന്‍ഡീസ് 20 ഓവറില്‍ നാലു വിക്കറ്റിന് 179 (ബ്രന്‍ഡന്‍ കിങ് 34, കെയ്ല്‍ മെയേഴ്സ് 31, പൊള്ളാര്‍ഡ് 41 നോട്ടൗട്ട്, റോവ്മന്‍ പവല്‍ 35 നോട്ടൗട്ട്), ഇംഗ്ലണ്ട് 19.5 ഓവറില്‍ 162
(ജെയിംസ് വിന്‍സ് 55, സാം ബില്ലിങ് 41, ജേസണ്‍ ഹോള്‍ഡര്‍ 27-5).
പ്രതികരിക്കാൻ ഇവിടെ എഴുതുക: