ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എല്ലാവരേയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ കെട്ടുകെട്ടിക്കാന്‍ കേന്ദ്രമന്ത്രിയെത്തന്നെ ബിജെപി കളത്തിലിറക്കുന്നു. ആഗ്രയില്‍ നിന്നുള്ള ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സത്യപാല്‍ സിങ്ങ് ബാഗേല്‍ ആണ് കര്‍ഹാലില്‍ അഖിലേഷ് യാദവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.
ഇതാദ്യമായാണ് സത്യപാല്‍ സിങ്ങ് ബാഗേല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കേന്ദ്ര നിയമകാര്യ സഹമന്ത്രിയാണ് സത്യപാല്‍ സിങ്ങ് ബാഗേല്‍. തിങ്കളാഴ്ച ഇദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. യോഗി ആദിത്യനാഥിന്റെ പ്രധാന എതിരാളിയായ അഖിലേഷ് യാദവിനെതിരെ മത്സരിക്കാന്‍ തന്നെ ഇറക്കിയതിന് സന്തോഷമുണ്ടെന്നും സത്യപാല്‍ സിങ്ങ് ബാഗേല്‍ പറഞ്ഞു.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ചെല്ലുമ്പോഴാണ് എല്ലാവരും സിങ്ങ് ബാഗേല്‍ സ്ഥാനാര്‍ത്ഥിയാണെന്നറിയുന്നത്. ഏത് ബിജെപി സ്ഥാനാര്‍ത്ഥിയെയും തോല്‍പിക്കുമെന്ന വീമ്പിളക്കിയ അഖിലേഷ് യാദവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് കേന്ദ്രമന്ത്രിയും ജനപ്രിയ നേതാവുമായ സത്യപാല്‍ സിങ്ങ് ബാഗേല്‍. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2,11,546 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ജയിച്ചത്.
‘ഞാന്‍ എന്റെ എല്ലാ ശക്തിയുമെടുത്ത് പോരാടും. കര്‍ഹാല്‍ ആരുടെയും കോട്ടയല്ല. സമാജ് വാദി പാര്‍ട്ടിയുടെ കോട്ടയായ കന്നോജ്, ഫിറോസാബാദ്, എട്ടാവ എന്നിവ വീഴുന്നത് കണ്ടിട്ടുള്ളയാളാണ് ഞാന്‍,’- സത്യപാല്‍സിങ്ങ് ബാഗേല്‍ പറയുന്നു. ‘ദേശീയതയും യുപിയിലെ വികസനവുമാണ് മുഖ്യ പ്രചാരണ വിഷയങ്ങള്‍. ‘- അദ്ദേഹം പറഞ്ഞു.
നേരത്തെ മുലായം സിങ്ങ് യാദവിന്റെ സുരക്ഷ ടീമിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു സത്യപാല്‍ സിങ്ങ് ബാഗേല്‍ . ആദ്യം സമാജ് വാദിയിലും പിന്നീട് മായാവതിയുടെ ബിഎസ്പിയിലും ഇരുന്ന സത്യപാല്‍ സിങ്ങ് ബാഗേല്‍ പിന്നീടാണ് ബിജെപിയിലെത്തിയത്. ഇദ്ദേഹത്തിന്റെ പഴയ സമാജ് വാദി, ബഹുജന്‍ സമാജ് വാദി ബന്ധങ്ങള്‍ കൂടി അഖിലേഷിനെതിരെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്തായാലും അഖിലേഷിനെ വെള്ളംകുടിപ്പിക്കുന്ന പോരാട്ടത്തിന് കര്‍ഹാല്‍ ഒരുങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: