ചങ്ങനാശ്ശേരി ഈസ്റ്റ്: ചങ്ങനാശ്ശേരി വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ശാന്തിപുരം പമ്പ് ഹൗസിലെ താല്‍ക്കാലിക ജീവനക്കാരന് പമ്പ് ഒപ്പറേറ്റ് ചെയ്യുന്നതിനിടയില്‍ പാന്റ്സ് കുരുങ്ങി ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
പെരുന്ന പനച്ചിക്കാവ് ലക്ഷ്മി രാഘവത്തില്‍ രാഗേഷ് രാമചന്ദ്ര (36)നാണ് കാലുകള്‍ക്ക് പരിക്കുപറ്റി എറണാകുളത്തുള്ള സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താല്‍ക്കാലിക നിയമനത്തില്‍ രണ്ടു വര്‍ഷമായി രാഗേഷ് ഇവിടെ ജോലിചെയ്യുന്നു.
സംഭവ സമയത്തു മറ്റാരും ഇല്ലായിരുന്നു. അപകടത്തില്‍പ്പെട്ട രാഗേഷിന്റെ നിലവിളി കേട്ട് അയല്‍വാസികളും നാട്ടുകാരും, പോലീസും ചേര്‍ന്ന് പമ്പ് നിര്‍ത്തി രാഗേഷിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാഗേഷ് ധരിച്ചിരുന്ന പാന്റ്സ് പമ്പില്‍ കുരുങ്ങിയതോടെ രാഗേഷിന്റെ ഇരുകാലുകള്‍ക്കും പരിക്കേല്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 20 സെന്റി മീറ്റര്‍ നീളത്തില്‍ ഒരു കാലിന്റെ അസ്ഥി പൊടിഞ്ഞു പോയെന്നും, മറ്റൊരു കാലിന്റെ മാംസം അടര്‍ന്നു പോയെന്നുമാണ് അറിവ് ലഭിച്ചത്. പ്രളയ കാലത്തും, കൊവിഡ് കാലത്തും യാതൊരു പ്രതിഫലവും പറ്റാതെ ഉള്ള രാഗേഷിന്റ പ്രവര്‍ത്തനവും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: