ന്യൂദല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് ആരംഭം. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ആദ്യ ദിനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗത്തിലൂടെ രാവിലെ പതിനൊന്നിന് അഭിസംബോധന ചെയ്യും. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ലോക്സഭയില്വെക്കും. രണ്ടാം ദിനമായ നാളെ 2022- 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കും. ഇക്കുറിയും സമ്പൂര്‍ണ ഡിജിറ്റല്‍ ബജറ്റാണ് പുറത്തിറക്കുക. കൊവിഡ് വ്യാപന സാഹചര്യത്തില്‍ സാമ്പത്തിക ഉത്തേജന നടപടികള്‍ ഉള്‍പ്പെടെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സബ്സിഡിക്കും മതിയായ തുക വകയിരുത്തും. ഓട്ടോമൊബൈല്‍ മേഖലക്കും ചെറുകിട വ്യവസായ മേഖലക്കും കാര്യമായ പദ്ധതികളുണ്ടായേക്കും.
രണ്ട് ഘട്ടമായാണ് ഇക്കുറി കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷന് ഫ്രബ്രുവരി 11 വരെ നീണ്ടു നില്ക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചര്‍ച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 14 ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും. നികുതി നിര്‍ദേശങ്ങളും മറ്റുമടങ്ങിയ ധനകാര്യ ബില്‍ രണ്ടാംഘട്ടത്തിലാണ് പാസാക്കുക. കൊറോണ മൂലം ഇരു സഭകളും വെവ്വേറെ സമയങ്ങളിലും അംഗങ്ങളെ പലയിടങ്ങളില്‍ ഇരുത്തിയുമാണ് സമ്മേളിക്കുക. ബുധനാഴ്ച മുതല്‍ രാജ്യസഭ രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെയും ലോക്സഭ വൈകിട്ട് നാലുമുതല്‍ രാത്രി ഒമ്പതുവരെയും ചേരും. അംഗങ്ങള്‍ ഇരുസഭകളുടെയും ചേംബറുകളിലും ഗാലറികളിലും ഇരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: